200 കോടി തൂക്കി സൂര്യ ; ഹിറ്റായി ‘കറുപ്പ്’
സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്നും 200 കോടി രൂപ ഗ്രോസ് കളക്ഷൻ ചിത്രം പിന്നിട്ടു. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമാണിത്. നിലവിൽ 207 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ വരുമാനം.
‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ ചിത്രങ്ങൾ നിരൂപക പ്രശംസ നേടിയിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസുകളായിരുന്നു. ‘കങ്കുവ’ (2024), ‘റെട്രോ’ (2025) തുടങ്ങിയ തിയേറ്റർ റിലീസുകൾക്ക് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ‘കറുപ്പ്’ ഒരു വമ്പൻ കംബാക്ക് ആയി മാറുന്നത്. സൂര്യയുടെ മുൻകാല തിയേറ്റർ ഹിറ്റായ ‘സിങ്കം 2’-ന്റെ റെക്കോർഡുകൾ വെറും നാല് ദിവസം കൊണ്ടാണ് ഈ ചിത്രം തകർത്തത്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതി നൽകിയിരുന്നു. ഇത് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷനെ വലിയ രീതിയിൽ സഹായിച്ചു. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 15.50 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും കറുപ്പിനുണ്ട്. മലയാള താരം ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സായ് അഭ്യങ്കറിന്റെ സംഗീതവും ആർ.ജെ. ബാലാജിയുടെ സംവിധാനവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.