ഹൊംബാലെ ഫിലിംസുമായി കൈകോർത്ത് സൂര്യ ; പുതിയ ചിത്രം പ്രഖ്യാപിച്ചു
കെജിഎഫ്, കാന്താര തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാ വിപണിയെ വിറപ്പിച്ച പ്രമുഖ നിർമ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയാണ് ഈ വമ്പൻ പ്രൊജക്ടിൽ നായകനായി എത്തുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.19-ന് ചിത്രത്തിന്റെ നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഹൊംബാലെ രാവിലെ അറിയിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആകാംക്ഷയിലായിരുന്നു. പ്രേക്ഷകരുടെ പ്രവചനങ്ങൾ ശരിവെച്ചുകൊണ്ട് പ്രഖ്യാപനമെത്തിയപ്പോൾ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്; സൂര്യ നായകനായ ‘ജയ് ഭീം’, രജനികാന്തിന്റെ ‘വേട്ടൈയൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ടി. ജെ. ജ്ഞാനവേൽ ആണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
കയാദു ലോഹർ നായികയാവുന്ന ഈ ചിത്രത്തിന് യുവസംഗീതജ്ഞൻ സായ് അഭ്യങ്കർ ഈണം പകരും. ‘വിക്രം’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ ഫിലോമിൻ രാജും, എസ്. എ. കതിർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നതോടെ അണിയറയിലും വൻ പ്രതിഭകളാണ് അണിനിരക്കുന്നത്. സമീപകാലത്തെ പരാജയങ്ങൾക്ക് ശേഷം ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തിയ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഹൊംബാലെ ഫിലിംസിന്റെ ഈ സിനിമ.
ഹൊംബാലെ ചിത്രത്തിന് മുൻപായി മറ്റ് രണ്ട് വമ്പൻ സിനിമകളും സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ലക്കി ഭാസ്കർ’ ഫെയിം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആണ് അതിലൊന്ന്. മമിത ബൈജു നായികയാകുന്ന ഈ ചിത്രത്തിന്റെ പ്രൊമോകളെല്ലാം ഇതിനോടകം ഹിറ്റാണ്. ഇതിന് ശേഷം ‘ആവേശം’ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക. നസ്രിയയും നസ്സിനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് സുഷിൻ ശ്യാം ആണ് സംഗീതം നൽകുന്നത്.