കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ട, ആൾക്കുട്ടം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതി സിനിമാ റിലീസ് തടയാനാകില്ല, തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യും :സുപ്രീംകോടതി

കമൽ ഹാസൻ ചിത്രം തഗ് ലൈഫ് കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ട, രാജ്യത്ത് സിനിമ പ്രദർശിപ്പിക്കാൻ പൗരന് അവകാശമുണ്ടെന്ന് സുപ്രീംകോടതി.

 

ന്യൂഡൽഹി: കമൽ ഹാസൻ ചിത്രം തഗ് ലൈഫ് കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ട, രാജ്യത്ത് സിനിമ പ്രദർശിപ്പിക്കാൻ പൗരന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജൻ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആൾക്കുട്ടം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതി സിനിമാ റിലീസ് തടയാനാകില്ലെന്നും തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കർണാടക സർക്കാർ വിഷയത്തിൽ നാളെ തന്നെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ആരെങ്കിലും ഏതെങ്കിലും തരത്തിൽ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെ മറുപ്രസ്താവനകൾ കൊണ്ട് നേരിടണം. തിയറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിയിറക്കുകയല്ല ചെയ്യേണ്ടത്. സിനിമ ആര് കാണുന്നുവെന്നും കാണുന്നില്ല എന്നതും ഇവിടുത്തെ പരിഗണനാവിഷയമല്ല. അത് തീരുമാനിക്കാൻ ഒരു ആൾക്കൂട്ടത്തെ അനുവദിക്കരുത്. കർണാടകയിലെ എല്ലാവരും നിർബന്ധമായും പോയി സിനിമ കാണണമെന്ന് കോടതി ഉത്തരവിടുന്നില്ല. പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം. ജനങ്ങൾക്ക് കാണാതിരിക്കാനുളള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സിനിമ റിലീസ് ചെയ്യാനുളള സ്വാതന്ത്ര്യം പൗരനമുമുണ്ട്'-എന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്.