‘ടോക്സികില്‍’ താരങ്ങളുടെ മൂല്യം കോടികള്‍

 

യാഷിൻ്റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതുമുതൽ വലിയ ചർച്ചകളാണ് സിനിമ ലോകത്ത് നടക്കുന്നത്. മൂത്തോൻ, ലയേഴ്‌സ് ഡൈസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ ഗ്രാഫിക് വിഷ്വലുകളും വയലൻസും കൊണ്ട് നിറഞ്ഞത് സമൂഹ മാധ്യമത്തില്‍ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഈ സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിൽ യാഷും കിയാര അദ്വാനിയും ഉൾപ്പെടെയുള്ള അഭിനേതാക്കള്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാവുകയാണ്.

ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായക‍ൻ യാഷാണെന്ന് റിപ്പോര്‍ട്ടുണ്ട്. ‘രായ’ ആയി അഭിനയിക്കുന്ന യാഷ് തന്റെ കഥാപാത്രത്തിന് 50 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുള്ളത്. നിർമ്മാതാക്കൾ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, കറുത്ത വസ്ത്രം ധരിച്ച് തോക്കുമായി നിൽക്കുന്നതായാണ് നയൻതാരയെ കാണാനാകുന്നത്. ചിത്രത്തില്‍ ഗംഗയായി എത്തുന്ന നയൻതാര, തന്റെ കഥാപാത്രത്തിന് 12 കോടി മുതൽ 18 കോടി രൂപ വരെ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബോളിവുഡ് നടി കിയാര അദ്വാനി ടോക്സിക്കില്‍ നാദിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 15 കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിയത്. കാന്താര എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയ രുക്മിണി വസന്ത്, മെല്ലിസ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 3 കോടി മുതൽ 5 കോടി രൂപ വരെ പ്രതിഫലം വാങ്ങിയെന്ന് പറയുന്നു. അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്, മാർച്ച് 19ന് പുറത്തിറങ്ങും.