ശ്രീനിവാസന്‍ ഇനിയില്ല. അതൊരു സത്യമാണ്. പക്ഷേ, ആ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല ; ഓര്‍മ്മകളുമായി സത്യന്‍ അന്തിക്കാട്

 

മലയാളിയുടെ മനസ്സ് ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ എഴുത്തുകാരന്‍ ശ്രീനിവാസനാണ്

 

ചിരിപ്പിക്കുന്ന നടനായതുകൊണ്ട് എഴുത്തുകാരന്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ മികവ് പലരും കാണാതെ പോകുന്നു.''

 ശ്രീനിവാസന്‍ എന്ന നടന്റെയും തിരക്കഥാകൃത്തിന്റെയും ഓര്‍മകള്‍ പങ്കിയുടുകയാണ് സത്യന്‍ അന്തിക്കാട്. 'ശ്രീനിയെന്ന ഒറ്റ നക്ഷത്രം' എന്ന തലക്കെട്ടോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി തയ്യാറാക്കിയ കുറിപ്പാണ് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാട് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

'ഒരു ട്രെയിന്‍യാത്രയാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത്. തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാന്‍. വെഞ്ചാമരംപോലെ നരച്ച മുടിയുള്ള പ്രൗഢയായ ഒരു സ്ത്രീ അടുത്തുവന്ന് പരിചയപ്പെട്ടു. ഒരു പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത അധ്യാപികയാണ്. സംസാരത്തിനിടയില്‍ അവര്‍ ചോദിച്ചു: ''മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?''സ്വാഭാവികമായും ഞാന്‍ എം.ടി.യുടെ പേര് പറഞ്ഞു. പത്മരാജനും ലോഹിതദാസും തൊട്ടടുത്തുവരുമെന്നും. ഒരു ചെറിയ ചിരിയോടെ അവര്‍ പറഞ്ഞു: ''ശരിയായിരിക്കാം. പക്ഷേ, മലയാളിയുടെ മനസ്സ് ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ എഴുത്തുകാരന്‍ ശ്രീനിവാസനാണ്. ചിരിപ്പിക്കുന്ന നടനായതുകൊണ്ട് എഴുത്തുകാരന്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ മികവ് പലരും കാണാതെ പോകുന്നു.''

എന്നിട്ട് ചിന്താവിഷ്ടയായ ശ്യാമളയിലെയും വടക്കുനോക്കിയന്ത്രത്തിലെയും സന്ദേശത്തിലെയും വരവേല്പിലെയും കഥാപാത്രങ്ങളുടെ ശക്തിയെപ്പറ്റി അവര്‍ പറഞ്ഞു. നാടോടിക്കാറ്റിലെ ദാസനും വിജയനും കടന്നുവന്ന ജീവിതസാഹചര്യങ്ങളെപ്പറ്റി പറഞ്ഞു. വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളെപ്പറ്റി പറഞ്ഞു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധ്യാപികയുടെ നിരീക്ഷണമാണ്. എനിക്ക് അദ്ഭുതം തോന്നിയില്ല. അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ശ്രീനിവാസനെ എന്നും ചേര്‍ത്തുനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

ശ്രീനിവാസന്‍ ഒരേസമയം എന്റെ സുഹൃത്തും ഗുരുനാഥനുമായിരുന്നു. ശ്രീനിവാസനില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സ്വയം തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥകള്‍ സിനിമയാക്കുമ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ആത്മാര്‍ഥതയില്ലാതെ ഒരു വാചകംപോലും ശ്രീനി എഴുതിയിട്ടില്ല. എഴുതാമെന്ന് സമ്മതിച്ച തിരക്കഥകളില്‍നിന്നുപോലും തനിക്ക് പറ്റുന്നില്ലെന്ന് തോന്നിയാല്‍ ഓടി രക്ഷപ്പെടാറുണ്ട്. അതെന്റെ അനുഭവംകൂടിയാണ്. 'കുടുംബപുരാണം' എന്ന സിനിമയുടെ ആദ്യത്തെ തിരക്കഥാകൃത്ത് ശ്രീനിവാസനായിരുന്നു. അന്ന് അഭിനയിക്കാനും എഴുതാനും വളരെയേറെ തിരക്കുകളൊന്നുമില്ലാത്ത കാലമാണ്. 'സംസാരം അത് മിന്‍സാരം' എന്ന തമിഴ് സിനിമയുടെ കഥയില്‍നിന്നാണ് തിരക്കഥ രൂപപ്പെടുത്തേണ്ടത്.


ശ്രീനിവാസന്‍ ആ സിനിമ കണ്ടിട്ടില്ല. ആശയം പറഞ്ഞപ്പോള്‍ ഇഷ്ടമായി എന്റെ കൂടെ വന്നതാണ്. കോഴിക്കോട്ട് അളകാപുരി ഹോട്ടലിലെ കോട്ടേജിലിരുന്ന് ഞങ്ങളതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു. ശ്രീനി കൂടെയുണ്ടാകുമ്പോള്‍ സ്‌ക്രിപ്റ്റിനെപ്പറ്റി എനിക്ക് പേടിയില്ല. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് പ്ലാന്‍ ചെയ്തു. ബാലചന്ദ്രമേനോനും തിലകനുമടക്കമുള്ള നടീനടന്മാരുടെ ഡെയ്‌റ്റൊക്കെ വാങ്ങി. ഷൂട്ടിങ്ങിനുള്ള സമയമാകാറായിട്ടും തിരക്കഥയെഴുത്ത് പുരോഗമിക്കുന്നില്ല. പത്തുപതിനഞ്ച് സീനുകള്‍ക്കപ്പുറത്തേക്ക് കഥ വികസിക്കുന്നതേയില്ല. തമിഴ് സിനിമയുടെ കാസറ്റ് എന്റെ കൈയിലുണ്ട്. നമുക്കതൊന്ന് കണ്ടുനോക്കിയാലോ എന്ന് ഞാന്‍ ചോദിച്ചു. സിനിമ കണ്ടാല്‍ അത് വെറുമൊരു റീമേയ്ക്ക് ആയിപ്പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് ശ്രീനിയത് കാണാതിരുന്നത്.
പക്ഷേ, മറ്റുവഴികളൊന്നും തെളിയാത്തതുകൊണ്ട് പടം കാണാന്‍തന്നെ തീരുമാനിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍പോയിരുന്ന് 'സംസാരം അത് മിന്‍സാരം' പൂര്‍ണമായി കണ്ടു. തിരിച്ചെത്തുമ്പോള്‍ രാത്രിയായി. ശ്രീനി ഒന്നും മിണ്ടുന്നില്ല. അറിയാവുന്ന കഥയായതുകൊണ്ട് ഞാനതിനെപ്പറ്റി വേവലാതിപ്പെട്ടുമില്ല.പിറ്റേന്ന് രാവിലെ ഞാനുണരുമ്പോള്‍ കാണുന്നത് ശ്രീനിവാസന്‍ കുളിച്ച് വേഷംമാറി പെട്ടി പാക്ക്‌ചെയ്യുന്നതാണ്. ''എന്തുപറ്റി?'' എന്ന ചോദ്യത്തിന് മറുപടി പറയാതെ റിസപ്ഷനില്‍ വിളിച്ച് തലശ്ശേരിക്ക് പോകാനൊരു കാര്‍ വേണമെന്ന് പറയുന്നു. വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിക്കാണുമെന്ന് ഞാന്‍ സംശയിച്ചു.

തിരക്കിട്ട് കാറില്‍ കയറുന്നതിന് മുന്‍പ് ശ്രീനി പറഞ്ഞു: ''ഈ കഥയില്‍നിന്ന് ഞാന്‍ രക്ഷപ്പെടുകയാണ്. ജീവന്‍ വേണമെങ്കില്‍ നിങ്ങളും രക്ഷപ്പെട്ടോ. ഇതില്‍നിന്നൊരു സിനിമയുണ്ടാക്കാന്‍ പറ്റില്ല.'' മറുപടിക്ക് കാത്തുനില്ക്കാതെ ശ്രീനി പോയി. ഞാന്‍ നടുക്കടലിലായി!
ആ തമിഴ് സിനിമയുടെ കഥയില്‍ നല്ലൊരു ആശയമുണ്ടെന്ന് എനിക്കപ്പോഴും തോന്നുന്നുണ്ടായിരുന്നു. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് ഡെയ്‌റ്റൊക്കെ മാറ്റി ഞാന്‍ ലോഹിതദാസിനെ സമീപിച്ചു. നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.
കഥ കേട്ടപ്പോള്‍ ലോഹി പറഞ്ഞു: ''എനിക്കും ആ സിനിമ കാണണ്ട. സത്യന്‍ പറഞ്ഞ കഥയില്‍നിന്ന് നമുക്കൊരു തിരക്കഥയുണ്ടാക്കാം. അതിനുള്ള മരുന്ന് ആ കഥയിലുണ്ട്.'' ലോഹിതദാസ് അത് മനോഹരമായി എഴുതി. ശ്രീനിവാസനും അതില്‍ നല്ലൊരു വേഷമുണ്ടായിരുന്നു. അഭിനയിക്കാന്‍ വന്നപ്പോള്‍ തിരക്കഥ ഞാന്‍ ശ്രീനിയുടെ കൈയില്‍ കൊടുത്തു. ''ലോഹി എഴുതിയപ്പോള്‍ ഇത് നന്നായി. എനിക്കത് പറ്റുന്നുണ്ടായിരുന്നില്ല. തര്‍ക്കിക്കാന്‍ നിന്നാല്‍ നിങ്ങളെന്നെ അവിടെ പിടിച്ചുനിര്‍ത്തും. അതുകൊണ്ടാണ് ഞാനന്ന് ആ കൊലച്ചതി ചെയ്തത്'' എന്നുപറഞ്ഞ് ശ്രീനി ചിരിച്ചു.

തിരക്കഥയെഴുത്ത് ഒരു ജോലിയായി ശ്രീനി കണ്ടിട്ടില്ല. അനുഭവങ്ങളും അറിവുകളുമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ''നമുക്ക് കടക്കാര്‍ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകാം മോനേ'' എന്ന് 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ അമ്മ പറയുമ്പോള്‍ നമ്മളറിയുന്നില്ല യഥാര്‍ഥ ജീവിതത്തില്‍ ശ്രീനിയുടെ അമ്മ ശ്രീനിയോട് പറഞ്ഞ വാക്കുകളാണ് അതെന്ന്. ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സിനിമ മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അത് എഴുതാന്‍ വന്നപ്പോള്‍ ശ്രീനി എന്നോട് ആദ്യം പറഞ്ഞത്, ''ഞാനൊരു എഴുത്തുകാരനൊന്നുമല്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ എനിക്കെഴുതാന്‍ കഴിയുമെന്നും തോന്നുന്നില്ല. ഒന്ന് ശ്രമിച്ചുനോക്കാം'' എന്നാണ്.

ആ ശ്രമം സിനിമാജീവിതത്തില്‍ എനിക്കൊരു വഴിത്തിരിവായി എന്നത് ചരിത്രം. ബാലഗോപാലന്‍ തൊട്ടാണ് സിനിമയില്‍ എന്റെ ദിശ ഏതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരുപോലെ ചിന്തിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന രണ്ടുപേരുടെ കൂടിച്ചേരലായിരുന്നു അത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങള്‍ ഏകദേശം ഒരുപോലെയായിരുന്നു. ഇടത്തരക്കാരുടെ പ്രശ്നങ്ങള്‍ നര്‍മത്തിന്റെ കണ്ണിലൂടെയാണ് രണ്ടുപേരും കണ്ടിരുന്നത്.


എത്ര തീവ്രമായ വിഷയമായാലും അതിനെ നര്‍മംകൊണ്ട് പൊതിയാനായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. വരവേല്‍പ്പും സന്ദേശവുമൊക്കെ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളാണ്. ശ്രീനിവാസന്‍ അതിനെ തമാശയുടെ ചരടില്‍ കോര്‍ത്താണ് തിരക്കഥയാക്കി രൂപപ്പെടുത്തിയത്. ചില രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞാല്‍ കടലാസിലേക്ക് പകര്‍ത്തും മുന്‍പ് പരസ്പരം പറഞ്ഞും വിശദീകരിച്ചും ഞങ്ങള്‍തന്നെ ആര്‍ത്തുചിരിക്കും. അങ്ങനെ ആസ്വദിച്ചുണ്ടാക്കുന്ന രംഗങ്ങള്‍ പത്തിരട്ടി ചിരിയോടെ പ്രേക്ഷകര്‍ ഏറ്റെടുക്കും.
'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍' ഗൂര്‍ഖ കള്ളനെ പിടിച്ചുവെന്നു കാണിക്കാന്‍ ശ്രീനിവാസന്‍ തന്നെ കള്ളനായി വേഷമിട്ടുവരുന്ന രംഗമുണ്ട്. എഴുതുന്നതിന് മുന്‍പുതന്നെ ആ സീന്‍ മനസ്സില്‍ കണ്ട് മദ്രാസിലെ ഹോട്ടലില്‍ ഞങ്ങള്‍ ചിരിച്ചുമറിഞ്ഞു. അതുകണ്ടുകൊണ്ട് സംവിധായകന്‍ ജി. അരവിന്ദന്‍ മുറിയിലേക്ക് വന്നു. ''രണ്ടാള്‍ക്കും വട്ടായിപ്പോയോ?'' എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ശ്രീനി വിശദമായി ആ രംഗം പറഞ്ഞുകൊടുത്തപ്പോള്‍ പൊതുവേ മൗനിയാണെന്ന് എല്ലാവരും പറയാറുള്ള അരവിന്ദേട്ടന്‍ ചിരിച്ചുചിരിച്ച് അത് നിര്‍ത്താന്‍ പാടുപെടുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

'നാടോടിക്കാറ്റാ'ണ് ശ്രീനിവാസന്‍ ഏറ്റവുംകൂടുതല്‍ സമയമെടുത്ത് എഴുതിയ തിരക്കഥ. ഏകദേശം ഒരുവര്‍ഷത്തോളം ഞങ്ങളാ കഥ ചര്‍ച്ച ചെയ്ത് കേരളം മുഴുവന്‍ അലഞ്ഞിട്ടുണ്ട്. 'ശ്രീധരന്റെ ഒന്നാംതിരുമുറിവ്' വേണ്ടത്ര വിജയിക്കാതെപോയതിന്റെ പേടിയും മനസ്സിലുണ്ടായിരുന്നു. ഒരു ധൈര്യത്തിനുവേണ്ടി മൂകാംബികയില്‍ പോയി ഒന്ന് തൊഴുതു വന്നാലോ എന്നുചോദിച്ചപ്പോള്‍ അതിനും ശ്രീനി സമ്മതിച്ചു. മംഗലാപുരത്തുനിന്ന് ബസ്സില്‍ക്കയറി കൊല്ലൂരിലും അവിടെനിന്ന് മറ്റുയാത്രക്കാരുടെ വാടകജീപ്പില്‍ കുടജാദ്രിയിലും പോയി. ഭട്ടിന്റെ വീട്ടില്‍ നിന്ന് ആഹാരംകഴിച്ച് രാത്രി അവിടെത്തന്നെ കൂടി. നല്ല തണുപ്പുണ്ടായിരുന്നു. തികഞ്ഞ ഏകാന്തതയില്‍ കുടജാദ്രിമലയുടെ മുകളില്‍നിന്ന് താഴോട്ടുനോക്കി ഏറെനേരം നിന്നു.


'കാറ്റത്താരോ ഒരു ചുവന്ന തൂവാല വീശിയുണക്കുന്നതുപോലെ കാട്ടുതീ' എന്ന് എം.ടി. എഴുതിയ ദൃശ്യം നേരിട്ടുകണ്ടു. സംവിധായകന്‍, നടന്‍, എഴുത്തുകാരന്‍ എന്ന പരിവേഷങ്ങളൊക്കെ ഞങ്ങളില്‍ നിന്ന് അഴിഞ്ഞുപോയിരുന്നു. ''നമ്മളൊക്കെ എത്ര ചെറിയവരാണല്ലേ'' എന്ന് ശ്രീനി ചോദിച്ചു. ശരിക്കും അങ്ങനെത്തന്നെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. പിറ്റേന്ന് താഴേക്ക് നടന്നിറങ്ങി സൗപര്‍ണികയില്‍ മുങ്ങിക്കുളിച്ചു. അമ്പലത്തിലെ പ്രസാദഊട്ടിന് എല്ലാവരോടുമൊപ്പമിരുന്ന് ഭക്ഷണംകഴിച്ചു. ഒന്നോ രണ്ടോ പേരൊഴികെ ആരും ശ്രീനിയെ തിരിച്ചറിഞ്ഞില്ല.

'നാടോടിക്കാറ്റ്' സൂപ്പര്‍ഹിറ്റായപ്പോള്‍ ഞാന്‍ പറഞ്ഞു- ''മൂകാംബികയുടെ അനുഗ്രഹം- അല്ലേ ശ്രീനി?'' ആണെന്നോ അല്ലെന്നോ ശ്രീനി പറഞ്ഞില്ല. സിഗരറ്റിന്റെ പുക ഊതിവിട്ടുകൊണ്ട് നിസ്സംഗനായി ഇരുന്നു. 'ദൈവമുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല' എന്നാണ് ശ്രീനിപറയാറുള്ളത്. വിശ്വാസിയല്ല. എന്നാല്‍ വിശ്വാസത്തിന് എതിരുമല്ല. ഇത്രയേറെ സാമൂഹികനിരീക്ഷണമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല.


ലോകരാഷ്ട്രീയത്തിലുണ്ടാകുന്ന ഓരോ ചലനവും ശ്രീനി ശ്രദ്ധിക്കാറുണ്ട്. സന്ദേശത്തിലെ പ്രകാശനും കോട്ടപ്പള്ളി പ്രഭാകരനും തമ്മില്‍ പോരടിക്കുമ്പോള്‍ പറയുന്ന സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അതറിയാം. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്' എന്ന് എഴുതിയത് ആ വാക്കുകളുടെ ആഴം കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ്.
ശ്രീനിവാസന്‍ അരാഷ്ട്രീയവാദിയാണെന്ന് പറയുന്നവരുണ്ട്. നേതൃത്വം പറയുന്നതെന്തും കണ്ണടച്ചുവിഴുങ്ങുന്ന രാഷ്ട്രീയ അന്ധവിശ്വാസികളുടെ അഭിപ്രായമാണത്. വിമര്‍ശനം ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. അതിന് വിവേകം വേണം. റിലീസ്‌ചെയ്ത് മുപ്പത്തിനാലു കൊല്ലം കഴിഞ്ഞിട്ടും സന്ദേശത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്നും തോല്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് പിടിവള്ളി സജീവമാകുന്ന 'അന്തര്‍ധാര'യും താത്ത്വിക അവലോകനങ്ങളും തന്നെയാണ്. രാഷ്ട്രീയത്തെ മാത്രമല്ല താന്‍ പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയെയും ശ്രീനി ശക്തമായി വിമര്‍ശിച്ചിട്ടുണ്ടല്ലോ.

മലയാള സിനിമയുടെ നേര്‍ക്ക് തിരിച്ചുവെച്ച കണ്ണാടിതന്നെയാണ് 'ഉദയനാണ് താരം' കഥപറയുമ്പോള്‍ എന്ന സിനിമയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു പ്രസംഗമുണ്ട്. സൂപ്പര്‍സ്റ്റാര്‍ അശോക്കുമാര്‍ തന്റെ പഴയ സുഹൃത്ത് ബാര്‍ബര്‍ ബാലനെ ഓര്‍മിക്കുന്ന രംഗം. അതുകണ്ട് കണ്ണ് നനയാത്തവര്‍ ചുരുക്കമാണ്. പതിനഞ്ച് ദിവസത്തോളമെടുത്താണ് താനാ പ്രസംഗം എഴുതിയതെന്ന് ശ്രീനി എന്നോടുപറഞ്ഞിട്ടുണ്ട്. എഴുതിയതുതന്നെ വീണ്ടുംവീണ്ടും മാറ്റിയെഴുതും. വാചകങ്ങളുടെ ഘടനമാറ്റും.


''അവസാനമെഴുതിയത് വീണ്ടുമെടുത്ത് വായിച്ചപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. ഇത് വര്‍ക്കാകും എന്ന് അപ്പോള്‍ തോന്നി. മമ്മൂട്ടിക്ക് സീന്‍ വായിക്കാന്‍ കൊടുത്ത് മാറിനിന്ന് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു. വായിച്ചുകഴിഞ്ഞപ്പോള്‍ മമ്മൂട്ടി കണ്ണുതുടയ്ക്കുന്നത് ഞാന്‍ കണ്ടു.'' സിനിമയിലെ ഓരോ സീനും നന്നാകുന്നത് അതിനുവേണ്ടി മനസ്സുരുകി പരിശ്രമിക്കുന്നതുകൊണ്ടാണ്. ശ്രീനിയുടെ മറ്റൊരു മുഖവുംകൂടി ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയാണ് ഞങ്ങള്‍. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോള്‍ ശ്രീനിവാസന്‍ ഒരു കത്തും കൈയില്‍ പിടിച്ച് ഇരിക്കുകയാണ്.

വീട്ടിലെ വിലാസത്തില്‍ വരുന്ന കത്തുകളെല്ലാം എടുത്തുകൊണ്ടുവന്ന് സമയം കിട്ടുമ്പോള്‍ ഓരോന്നായി വായിക്കുകയാണ് പതിവ്. അങ്ങനെ വന്ന ഒരു കത്താണ്''ഇതൊന്ന് വായിച്ചുനോക്കൂ'' എന്നുംപറഞ്ഞ് കത്ത് എന്റെ കൈയില്‍ത്തന്നു. ശ്രീനിക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഡല്‍ഹിയില്‍നിന്ന് എഴുതിയ കത്താണ്. ഞാനത് വായിച്ചുതുടങ്ങിയപ്പോള്‍ ശ്രീനിപറഞ്ഞു- ''വേണ്ട ഞാന്‍ വായിച്ചുകേള്‍പ്പിക്കാം.'
'പിന്നെ ശ്രീനിയത് വായിക്കാന്‍ തുടങ്ങി. നെഞ്ചുലയ്ക്കുന്ന കത്തായിരുന്നു അത്. ഒരാള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളാണ്. വായിച്ചുവായിച്ച് ഒരു ഘട്ടമെത്തിയപ്പോള്‍ ശ്രീനി ഏങ്ങിയേങ്ങി ക്കരഞ്ഞു. അതുകണ്ട് എന്റെ കണ്ണും നിറഞ്ഞു. കരയാന്‍ കഴിയുന്നത് വലിയൊരു അനുഗ്രഹമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മാലിന്യമില്ലാത്ത മനസ്സില്‍നിന്നേ കണ്ണീരിന്റെ ഉറവ ഒഴികിവരൂ. നിര്‍മലമായ മനസ്സാണ് ശ്രീനിയുടെത്. മലയാളികളെ മുഴുവന്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇടയ്ക്കൊക്കെ കരയിക്കാനും ശ്രീനിക്ക് കഴിഞ്ഞത് അങ്ങനെയൊരു മനസ്സുള്ളതുകൊണ്ടാണ്. ശ്രീനിവാസന്‍ ഇനിയില്ല. അതൊരു സത്യമാണ്. പക്ഷേ, ആ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല.