ശ്യാം മോഹനും അഖില ഭാർഗവനും ഒന്നിക്കുന്നു ; പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന ശ്യാം മോഹനും അഖില ഭാർഗവനും നായികാനായകന്മാരായി എത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശങ്കർ എസ്.കെ. സംവിധാനം ചെയ്യുന്ന ഈ ചിത്രം റൈസൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ രമേശ് ബാബു ആർ. ആണ് നിർമിക്കുന്നത്. കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. ജിയോ സ്റ്റാർ മലയാളം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിഷൻ കുമാർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.
നെയ്യാറ്റിൻകരയിലുള്ള ഇരുമ്പിൽ പുളിയിൻകീഴ് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സിനിമയുടെ ആദ്യഘട്ട ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശങ്കറിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. ‘പ്ലസ് ടു’ എന്ന ചിത്രത്തിന് ശേഷം റൈസൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒളിച്ചോടാൻ തയ്യാറെടുക്കുന്ന ഒരു കമിതാക്കൾ നേരിടേണ്ടി വരുന്ന രസകരമായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
സുരേഷ് കൃഷ്ണ, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു സിജോ, ശരത് സഭ, പത്മരാജൻ രതീഷ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ ‘പാൻ ഇന്ത്യൻ ബ്രാഞ്ച് ടീം’ എന്നറിയപ്പെടുന്ന നിതിൻ പരമേശ്വർ, ശരത് അയ്യപ്പൻ, ഗോകുൽ സദാശിവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണുവിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ആനന്ദ് എൻ. നായർ ഛായാഗ്രഹണവും ആദർശ് ബി. അനിൽ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ കെ. സോമനാണ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 40 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷെഡ്യൂളാണ് ചിത്രീകരണത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. മഞ്ജു ഗോപിനാഥാണ് ചിത്രത്തിന്റെ പി.ആർ.ഒ.