ടൈഗര്‍ ഷ്റോഫിന് നേരെ വെടിവെപ്പ്; പ്രതികള്‍ പൊലീസിന്റെ നീക്കം നിരീക്ഷിച്ചത് വാര്‍ത്തകളിലൂടെ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ടൈഗര്‍ ഷ്റോഫിന് നേരെ വെടിവെപ്പ്; പ്രതികള്‍ പൊലീസിന്റെ നീക്കം നിരീക്ഷിച്ചത് വാര്‍ത്തകളിലൂടെ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കേസില്‍ ഇതുവരെ പത്ത് പേരാണ് പിടിയിലായത്.
ആക്രമണത്തിന് ശേഷം പ്രതികളെ മുംബൈയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചയാള്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ഇന്റര്‍നെറ്റ് കോളുകള്‍ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും വാര്‍ത്തകളിലൂടെ പൊലീസ് നീക്കങ്ങള്‍ നിരീക്ഷിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം പ്രതികളെ മുംബൈയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചയാള്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ഇതുവരെ പത്ത് പേരാണ് പിടിയിലായത്.
അതേസമയം, വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ടൈഗര്‍ ഷ്റോഫിന്റെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. ആക്രമണത്തിന് പിന്നാലെ താരം കടുത്ത മാനസിക അസ്വസ്ഥതയിലാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമികള്‍ ആരാണെന്നോ വെടിവെപ്പിന് പിന്നിലെ കാരണമെന്തെന്നോ ആസൂത്രണം നടത്തിയത് ആരാണെന്നോ അറിയില്ലെന്ന് ടൈഗര്‍ പൊലീസിനോട് വ്യക്തമാക്കിയതായും വിവരമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനില്‍ പണ്ഡിറ്റും ഷൂട്ടര്‍ റഹാനും രണ്‍ദീപിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
മുംബൈയിലെത്തിയ ഷൂട്ടര്‍മാര്‍ ആദ്യം സല്മാന് ഖാന്റെ വസതി നിരീക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ വൈ പ്ലസ് സുരക്ഷയും ശക്തമായ പൊലീസ് കാവലും കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചെന്നാണ് വിവരം. തുടര്‍ന്ന് സുരക്ഷ താരതമ്യേന കുറഞ്ഞ ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ പതിവായി എത്താറുള്ള ടൈഗര്‍ ഷ്റോഫിനെ ലക്ഷ്യമിടുകയായിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള സ്ത്രീകള്‍ മുഖേന ഹരിയാനയില്‍ നിന്ന് മുംബൈയിലേക്ക് തോക്കുകള്‍ എത്തിച്ചതായും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.