17 -ാം ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി 'ധുരന്ദർ'
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. പുറത്തിറങ്ങി 17 ദിവസങ്ങൾ കഴിയുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ നേടുന്നത്.
പതിനേഴാം ദിവസം ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യൻ കളക്ഷൻ 538 കോടിയായി. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.
അതേസമയം, ചിത്രം പ്രൊപ്പഗാണ്ട ആണ് എന്ന് പറയുന്ന യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ വൈറലാകുകയാണ്. മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞു. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകളേക്കാൾ അപകടകരമായ സിനിമയാണ് ധുരന്ദർ എന്ന് ധ്രുവ് വീഡിയോയിൽ കൂട്ടിച്ചേർത്തു. ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്.