മിസിസ് ആയി ഒരു വർഷം ; ഒന്നാം വിവാഹ വാർഷികത്തിൽ വിവാഹ വിഡിയോ പങ്കുവെച്ച് ശോഭിത
നാഗ ചൈതന്യയും ശോഭിത ധുലിപാലയും ഒന്നാം വിവാഹ വാർഷിക ആഘോഷത്തിലാണ്. തങ്ങളുടെ പ്രിയ ദിനത്തിന്‍റെ ഓർമക്കായി ശോഭിത വിവാഹ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹ ചടങ്ങ് നടത്തിയിരുന്നത്.
'കാറ്റ് എപ്പോഴും വീടിനുനേരെ വീശുന്നു. ഡെക്കാനിലേക്ക് തിരികെ പോയി ഭർത്താവിനൊപ്പം സൂര്യനുചുറ്റും ഒരു യാത്രചെയ്യണം. എല്ലാമെനിക്ക് പുതുതായി തോന്നുന്നു. തീയാൽ ശുദ്ധീകരിക്കപ്പെട്ടതുപോലെ. മിസിസ് ആയി ഒരു വർഷം!' എന്ന അടിക്കുറിപ്പോടെയാണ് ശോഭിത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ നിന്നുള്ള നിരവധി നിമിഷങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ഗ്ലിംസിൽ ശോഭിത തന്റെ ഭർത്താവിനോടുള്ള സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. 'ഒരാൾ അപൂർണനാണെന്നും മറ്റൊരാൾ വന്ന് ആ ശൂന്യത നികത്തുമെന്നും ഞാൻ വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. കാരണം നമ്മൾ സ്വയം പൂർണരാണെന്ന് ഞാൻ കരുതുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അഭാവത്തിൽ ഞാൻ പൂർണയല്ലാത്ത പോലെ തോന്നാറുണ്ട്' ശോഭിത പറഞ്ഞു. ' ഞാൻ ഉണരുമ്പോഴോ ഉറങ്ങാൻ പോകുമ്പോഴോ അവൾ എന്റെ അരികിലുണ്ടെന്ന ചിന്തയാണ്. അത് വളരെ ആശ്വാസകരമായ ഒരു അനുഭവമാണ്. ജീവിതത്തിൽ എന്തും കീഴടക്കാൻ കഴിയുമെന്ന് എന്നെ തോന്നിപ്പിക്കുന്നു' -നാഗചൈതന്യ പറയുന്നു.
നാഗചൈതന്യയുമായുള്ള വിവാഹത്തിന്ശേഷം ശോഭിത ധുലിപാല ഒരുപാട് വിമർശനങ്ങളും ട്രോളുകളും നേരിട്ടിട്ടുണ്ട്. 2021ൽ നാഗചൈതന്യ വിവാഹമോചനം നേടിയതിനും നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതിനും നിരവധി ആരാധകർ ശോഭിതയെ കുറ്റപ്പെടുത്തി. അവരുടെ വിവാഹ ചിത്രങ്ങളെച്ചൊല്ലിയും വിമർശനങ്ങൾ നേരിടേണ്ടി വന്നു.