വിൻസിയും ഷൈനും പ്രമോഷനുമായി സഹകരിക്കുന്നില്ല : സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ്
നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള രംഗത്ത്. സിനിമയുടെ പ്രമോഷനുമായി
കൊച്ചി: നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള രംഗത്ത്. സിനിമയുടെ പ്രമോഷനുമായി ഇരുവരും സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിൻസി അലോഷ്യസുമായി സംസാരിച്ചു. സിനിമ സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നുവെന്ന് വിൻസി പറഞ്ഞു, എന്നാൽ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
‘സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ നെഗറ്റീവായി ബാധിച്ചു. ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. വിൻസിയോ ഷൈനോ പോസ്റ്റർ പങ്കുവെച്ചിട്ടില്ല. ലഹരിയെക്കുറിച്ചോ വിൻസിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാൽ എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു’, ശ്രീകാന്ത് കണ്ടർഗുള പറഞ്ഞു. താൻ കേരളത്തിലെത്തിയത് കൂടുതൽ മലയാളം സിനിമകൾ നിർമ്മിക്കാനാണ്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം.
എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് നാല് ദിസവമായി ഉറക്കമില്ലെന്നും ശ്രീകാന്ത് പറഞ്ഞു. സൂത്രവാക്യം സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു വിൻസിയുടെ പരാതി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല എന്നും വിൻസി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ വിൻസി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്റെ പേരുൾപ്പെടെ പരാമർശിച്ച് ഫിലിം ചേംബറിന് പരാതി നൽകുകയായിരുന്നു. രഹസ്യ സ്വഭാവത്തിൽ നൽകിയ പരാതിയിൽ നടന്റെ പേര് പുറത്ത് വന്നതിലും വിൻസിക്ക് അതൃപ്തിയുണ്ടായിരുന്നു.