ഷൈൻ ടോം ചാക്കോ ചിത്രം ‘മീശ’ ഷൂട്ടിങ് പൂർത്തിയായി
എം സി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മീശ’. ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവർക്കൊപ്പം ‘പരിയേരും പെരുമാൾ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിർ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കതിരിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘മീശ’. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്.
ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന സിനിമയാണ് ‘മീശ’ എന്നാണ് സംവിധായകൻ മീശയെക്കുറിച്ച് പറഞ്ഞത്. കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായെന്നും മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ ആകാംക്ഷ അദ്ദേഹം പ്രകടിപ്പിച്ചുവെന്നും ചിത്രത്തെക്കുറിച്ച് എംസി ജോസഫ് മുൻപ് പറഞ്ഞിരുന്നു. യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ ആണ് ചിത്രം നിർമിക്കുന്നത്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.