‘അനന്തൻ കാടി’ലെ ശാന്തി ബാലചന്ദ്രന്റെ പോസ്റ്റർ പുറത്ത്  

 

 പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കാർത്തി’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി ബാലചന്ദ്രന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിസ്സഹായതയും ഭയവും നിഴലിക്കുന്ന ശാന്തിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇന്ദ്രൻസ്, മുരളി ഗോപി, തെലുങ്ക് താരം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ചിത്രം ജൂൺ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ഒരു തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ ജനിപ്പിച്ചിരിക്കുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ‘കാന്താര’ ഫെയിം ബി. അജനീഷ് ലോക്നാഥ് സംഗീതം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മികച്ചൊരു ദൃശ്യവിരുന്നും മിസ്റ്ററിയും സമ്മാനിക്കുന്ന ചിത്രമായിരിക്കും ‘അനന്തൻ കാട്’ എന്നാണ് ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന.