പൊലീസ് യൂണിഫോമിൽ ഷെയ്ൻ നിഗം ! 'ദൃഢം' തിയറ്ററുകളിലേക്ക്
ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' മേയ് 8ന് തിയറ്ററുകളിലേക്ക്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. 'കൊറോണ പേപ്പേഴ്സി'നും 'വേല'ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുകയാണ്.
പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകൾ.