ലൈംഗികാരോപണം നേരിട്ട പലരും ഇന്നും യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ സിനിമയിൽ തഴച്ചുവളരുകയാണ് ; നടി കൊങ്കണ സെൻ ശർമ

 മീടൂ മുന്നേറ്റത്തിലൂടെ സ്ത്രീകളുടെ തൊഴിലിടങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലൈംഗികാരോപണം നേരിട്ട പലരും ഇന്നും യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ സിനിമയിൽ തഴച്ചുവളരുകയാണെന്ന് നടി കൊങ്കണ സെൻ ശർമ.

 

 മീടൂ മുന്നേറ്റത്തിലൂടെ സ്ത്രീകളുടെ തൊഴിലിടങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലൈംഗികാരോപണം നേരിട്ട പലരും ഇന്നും യാതൊരു പ്രത്യാഘാതങ്ങളുമില്ലാതെ സിനിമയിൽ തഴച്ചുവളരുകയാണെന്ന് നടി കൊങ്കണ സെൻ ശർമ. തന്റെ പുതിയ ചിത്രമായ ‘അക്യൂസ്ഡ്’പുറത്തിറങ്ങാനിരിക്കെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആരോപണവിധേയരായ ആളുകൾക്ക് വീണ്ടും അവസരങ്ങൾ നൽകുന്നതും അവരെ അംഗീകരിക്കുന്നതും സമൂഹത്തിന്റെ മനോഭാവത്തെ ആശ്രയിച്ചാണെന്നും, കുറ്റവാളികളെ മാറ്റിനിർത്തുന്നതിൽ നമ്മൾ പരാജയപ്പെടുന്നുവെന്നും കൊങ്കണ കുറ്റപ്പെടുത്തി.

മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ മീടൂ മുന്നേറ്റത്തിന്റെ വലിയ നേട്ടമായാണ് കൊങ്കണ വിശേഷിപ്പിച്ചത്. റിപ്പോർട്ടിന്റെ ഫലമായി തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്നിട്ടുണ്ടാകാം. എന്നാൽ, ഈ റിപ്പോർട്ട് എത്രപേർ ഗൗരവത്തോടെ വായിച്ചുവെന്നത് സംശയമാണെന്നും നടി പറഞ്ഞു. നിയമങ്ങളേക്കാളുപരി ഒരു സമൂഹമെന്ന നിലയിൽ ഇത്തരം വിഷയങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു. 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ല്യു.സി.സി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഈ സമിതി രൂപീകരിച്ചത്. 2019-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം 2024 ഓഗസ്റ്റിലാണ് പുറംലോകം കണ്ടത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ ഈ റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു.

അതേസമയം, കൊങ്കണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അക്യൂസ്ഡ്’ ജോലിസ്ഥലത്തെ ലൈംഗികാതിക്രമ ആരോപണങ്ങളെ വ്യത്യസ്തമായ കോണിലൂടെയാണ് അവതരിപ്പിക്കുന്നത്. ബ്രിട്ടനിലെ ഒരു പ്രമുഖ ഡോക്ടറായ ഗീതിക സെൻ എന്ന കഥാപാത്രത്തെയാണ് കൊങ്കണ അവതരിപ്പിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുള്ള അപൂർവ്വമായ കഥാപരിസരമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജോഹറിന്റെ ധർമ്മാറ്റിക് എന്റർടൈൻമെന്റാണ് നിർമ്മിക്കുന്നത്.