വരുന്നു ഷവോമി 17 സീരീസ്
ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ ഷവോമി 17 സീരീസ് ആഗോള വിപണിയിൽ ഫെബ്രുവരി 28ന് ബാഴ്‌സലോണയിൽ വച്ചു അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീരീസിലെ ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകൾ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ഷവോമി 17 ഇതിനകം 2025 സെപ്റ്റംബറിൽ ചൈനയിൽ പ്രൊ , പ്രൊ മാക്സ് പതിപ്പുകളോടെ അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് ഡിസംബറിൽ അൾട്രാ പതിപ്പും പുറത്തിറക്കി. ഇപ്പോൾ ആഗോള പതിപ്പുകളാണ് പുറത്തിറങ്ങുന്നത്. ടീസർ ചിത്രങ്ങളിൽ പച്ച നിറത്തിലുള്ള ഷവോമി 17 അൾട്രാ മോഡലുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഷവോമി 17നു ഏകദേശം 1,07,000 രൂപ മുതൽ 1,18,000 രൂപ വരെയാകും. കറുപ്പ് , പച്ച, നീല , പിങ്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും.ഷവോമി 17 അൾട്രായുടെ 1വില ഏകദേശം 1,61,000 രൂപ മുതൽ 1,83,000 രൂപ വരെ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കറുപ്പ് , വെള്ള , പച്ച നിറങ്ങളിലാണ് അൾട്രാ എത്തുക.
കമ്പനിയുടെ വെബ്സൈറ്റിൽ സ്മാർട്ട്ഫോണുകൾക്ക് 24 മാസത്തെ “ക്വാളിറ്റി അഷ്വറൻസ് പ്ലാനും” ആദ്യ ആറുമാസത്തിനുള്ളിൽ ഒരു സൗജന്യ സ്ക്രീൻ റിപ്ലേസ്മെന്റും ഉൾപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാറന്റിക്കാലയളവിൽ ലേബർ ചാർജ് ഇല്ലാതെ സർവീസ് സൗകര്യവും ലഭിക്കും.ഇന്ത്യൻ വിപണിയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ പതിപ്പുകളേക്കാൾ ഉയർന്ന വിലയായിരിക്കാം ഉണ്ടാവുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.