‘ആശ’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

 

മലയാള സിനിമയിലെ അഭിനയ വിസ്മയം ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ മുഖഭാവങ്ങളോടെയാണ് ഉർവ്വശിയെയും ജോജുവിനെയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപെങ്ങും കാണാത്ത വിധത്തിലുള്ള തീക്ഷ്ണമായ ലുക്കിൽ ഉർവ്വശി എത്തുമ്പോൾ, ജോജുവും വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ‘പണി’ ഫെയിം രമേഷ് ഗിരിജ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം മികച്ച പ്രകടനങ്ങളുടെ ഒരു വിരുന്നായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജോജു ജോർജ്ജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ‘ആശ’ നിർമ്മിക്കുന്നത്. ഉർവ്വശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

സാങ്കേതിക മികവിലും മുന്നിട്ടുനിൽക്കുന്ന ചിത്രത്തിനായി മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷാൻ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മിഥുൻ മുകുന്ദനാണ് സംഗീത സംവിധായകൻ. അജയൻ അടാട്ട് (സൗണ്ട് ഡിസൈൻ), വിവേക് കളത്തിൽ (പ്രൊഡക്ഷൻ ഡിസൈനർ), ഷമീർ ഷാം (മേക്കപ്പ്), സുജിത്ത് സി.എസ് (കോസ്റ്റ്യൂം) തുടങ്ങിയ പ്രമുഖർ അണിയറയിൽ പ്രവർത്തിക്കുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് ദിനേഷ് സുബ്ബരായനാണ്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.