ബോക്സ് ഓഫീസിൽ തരംഗമായി  ‘സർവ്വം മായ’

 അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുന്നു. റിലീസ് ചെയ്ത് വെറും പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇപ്പോൾ
 

 അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുന്നു. റിലീസ് ചെയ്ത് വെറും പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇപ്പോൾ 131 കോടി രൂപയും പിന്നിട്ട് മുന്നേറുകയാണ്. ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാലിന്റെ ‘ലൂസിഫറിനെ’ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് ചിത്രം എത്തി. നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ടിന്റെ കോമഡി പ്രകടനങ്ങളും റിയ ഷിബുവിന്റെ മികച്ച അഭിനയവുമാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നത്.

കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 22 ദിവസങ്ങൾ പിന്നിടുമ്പോഴും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് സിനിമ പ്രദർശനം തുടരുന്നത്. ഈ പ്രധാന നഗരങ്ങളിലെല്ലാം വമ്പിച്ച അഡ്വാൻസ് ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ആഗോള കളക്ഷൻ 150 കോടി കടക്കുമെന്നാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രം ഒരു ഹൊറർ-കോമഡി മൂഡിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തമാശകൾ നിറഞ്ഞ ആദ്യ പകുതിയും വൈകാരികമായ രണ്ടാം പകുതിയും ചിത്രത്തിന് മികച്ച അഭിപ്രായം നേടിക്കൊടുത്തു. സെൻട്രൽ പിക്ചേഴ്സ് കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം എ പി ഇന്റർനാഷണൽ വഴിയാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. ഗൾഫ് രാജ്യങ്ങളിലും ഹോം സ്ക്രീൻ എന്റർടൈൻമെന്റിന്റെ സഹകരണത്തോടെ വലിയ റിലീസാണ് ചിത്രത്തിന് ലഭിച്ചത്.