കാർത്തിയുടെ സ്പൈ ത്രില്ലർ ‘സർദാർ 2’ റിലീസ് തീയതി പുറത്ത് 

 

 സമീപകാല തമിഴ് സിനിമയിൽ തിയേറ്ററുകളിൽ മിനിമം ഗ്യാരണ്ടി നൽകുന്ന ജനപ്രിയ താരം കാർത്തിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ‘സർദാർ 2’ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വമ്പൻ തമിഴ് പ്രൊജക്ടുകൾ പലതും ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണിത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം സെപ്റ്റംബർ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആദ്യ ഭാഗം വൻ വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് കാർത്തി മുൻപ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കാർത്തിക്കൊപ്പം ആരൊക്കെയാണ് അണിനിരക്കുന്നത് എന്ന കാര്യത്തിൽ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ആരാധകർ വലിയ ആവേശത്തിലാണ്.

പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് മുൻപ് സൂപ്പർഹിറ്റായ ‘സർദാർ’ നിർമ്മിച്ചത്. പി. എസ്. മിത്രൻ തന്നെ തിരക്കഥയൊരുക്കിയ ആദ്യ ഭാഗത്തിൽ ഒരു ചാരനായി (സ്പൈ) വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കാർത്തി തിളങ്ങിയത്. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്. ആദ്യ ഭാഗത്തിൽ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, മാസ്റ്റർ ഋത്വിക് തുടങ്ങി വൻ താരനിര അണിനിരന്നിരുന്നു. കേരളത്തിൽ ഫോർച്യൂൺ സിനിമാസ് വിതരണത്തിനെത്തിച്ച ചിത്രത്തിന്റെ പിആർഒ പി. ശിവപ്രസാദ് ആയിരുന്നു. രണ്ടാം ഭാഗവും തീയേറ്ററുകളിൽ വലിയ ദൃശ്യവിരുന്നാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.