ഡ്യൂഡിൽ ആ സീൻ ഞാൻ എന്തിന് ചെയ്തെന്ന് ദേവയാനി ചോദിച്ചു, എന്നാൽ അതിൽ തെറ്റൊന്നും തോന്നിയില്ല: ശരത്കുമാർ

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു.
 

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിൽ ശരത്കുമാർ അവതരിപ്പിച്ച അതിയമാൻ അഴകപ്പൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിനെക്കുറിച്ച് നടി ദേവയാനി പ്രകടിപ്പിച്ച സംശയവും അതിന് താൻ നൽകിയ ഉത്തരത്തിനെക്കുറിച്ചും മനസുതുറക്കുകയാണ് ശരത്കുമാർ.

'ദുരഭിമാനക്കൊലയ്ക്ക് എതിരെ സംസാരിച്ച സിനിമ ആയിരുന്നു ഡ്യൂഡ്. പ്രേക്ഷകർക്ക് മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ ഡയലോഗിലൂടെ സംവിധായകൻ കീർത്തീശ്വരൻ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു പുതിയ ആശയം അദ്ദേഹം ആ സിനിമയിലൂടെ അവതരിപ്പിച്ചു. സിനിമ കണ്ടിട്ട് ദേവയാനി എന്നെ ഫോൺ ചെയ്തിരുന്നു. എല്ലാം അടിപൊളിയായിട്ടുണ്ട് പക്ഷെ ഒരേയൊരു കാര്യം മാത്രം താങ്കൾ എങ്ങനെ ചെയ്തു എന്ന് എന്നോട് ചോദിച്ചു. 

പ്രദീപിന്റെ കാലിന്റെ അടുത്തിരുന്നു കരയുന്ന ഒരു സീൻ ഉണ്ട്. അത് എങ്ങനെ ചെയ്തു എന്നായിരുന്നു ദേവയാനി ചോദിച്ചത്. ഞാൻ പറഞ്ഞു പ്രദീപിന്റെ അല്ലല്ലോ ആ കഥാപാത്രത്തിന്റെ അടുത്താണ് ഞാൻ ഇരുന്നു കരയുന്നത്. ഒരു കഥാപാത്രത്തിനും സീനിനും ആവശ്യമാണെങ്കിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റ്', ശരത്കുമാറിന്റെ വാക്കുകൾ.

സിനിമയുടെ ഇടവേളയോട് അടുക്കുമ്പോൾ ഒരു സിംഗിൾ ഷോട്ടിൽ കയ്യിൽ ഒരു ഗ്ലാസുമായി ശരത്കുമാർ ഡാൻസ് കളിച്ച് പോകുന്ന രംഗം വലിയ വൈറലായിരുന്നു. ശരത്കുമാറിന്റെ തന്നെ 'ആയ്' എന്ന സിനിമയിലെ 'മൈലാപ്പൂർ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് നടൻ ഈ സീനിലെത്തുന്നത്. വലിയ കയ്യടികളോടെയാണ് തിയേറ്ററിലും ഈ സീനിനെ ജനങ്ങൾ വരവേറ്റത്. ആവേശത്തിന്റെ തമിഴ് റീമേക്ക് ചെയ്യുകയാണെങ്കിൽ വേറെ ആരെയും തേടി പോകണ്ട രംഗണ്ണനായി ശരത്കുമാർ അടിപൊളി ആണെന്നാണ് കമന്റുകൾ.

ഇപ്പോൾ ഡ്യൂഡ് ഒടിടിയിൽ റിലീസ് ആയതിന് ശേഷം വിമർശനങ്ങളും നല്ല പ്രതികരണങ്ങളും വരുന്നുണ്ട്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.