ശബ്ദം പാട്ടിന് ചേരുന്നില്ല, മാര്‍ക്കോയില്‍ നിന്ന് ഡബ്‌സിയെ വെട്ടി; പകരം സന്തോഷ് വെങ്കി

 

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന 'മാര്‍ക്കോ'യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡബ്‌സിയാണ് ഗാനം പാടിയിരുന്നത്. എന്നാല്‍ ഡബ്‌സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ല എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. പിന്നാലെ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഗായകനെ മാറ്റിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ പാട്ട് പാടി ശ്രദ്ധേയനായ സന്തോഷ് വെങ്കിയെക്കൊണ്ടാണ് ഗാനം വീണ്ടും പാടിച്ചത്. പ്രേക്ഷകര്‍ ആവശ്യപ്പെട്ടതും സന്തോഷ് വെങ്കിയെക്കൊണ്ട് പാടിക്കാനായിരുന്നു. നേരത്തേ തന്നെ സന്തോഷ് വെങ്കിയെക്കൊണ്ടും പാട്ട് പാടിപ്പിച്ച് റെക്കോര്‍ഡ് ചെയ്തു വച്ചിരുന്നുവെന്നും അതിനാല്‍ത്തന്നെ ചുരുങ്ങിയ സമയത്തിനകം പുതിയ പതിപ്പും പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിച്ചെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു. പുതിയ വേര്‍ഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാര്‍ക്കോ'. രവി ബസ്‌റുര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത 'മിഖായേല്‍' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലന്‍ റോളിലാണ് ഉണ്ണി എത്തിയത്.