സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു, തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യം : പൊട്ടിക്കരഞ്ഞ് മൊണാലിസ
സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യൽ മീഡിയ വൈറൽ താരം മൊണാലിസ. സിനിമാ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യൽ മീഡിയ വൈറൽ താരം മൊണാലിസ. സിനിമാ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല തവണ ശരീരത്തിൽ കയറി പിടിച്ചെന്നും സത്യം മറച്ചു വെക്കാൻ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞായിരുന്നു വാർത്താ സമ്മേളനത്തിൽ മൊണാലിസ തനിക്കെതിരായ മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്.
തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളിൽ വെച്ചും ഡെറാഡൂണിൽ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേർത്തു. മുസ്‌ലിം ആയതിനാൽ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭർത്താവും നടനുമായ ഫർമാൻ ഖാൻ പറഞ്ഞു. 2015ൽ എടുത്ത ആധാർകാർഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫർമാൻ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്. വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവർ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവർ നല്ല മനുഷ്യരാണെന്നു മായിരുന്നു മൊണാലിസ ഭോസ്ലെയും പങ്കാളി ഫർമാൻ ഖാനും വിവാഹ ശേഷം പ്രതികരിച്ചത്.
മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായിരുന്നു ഫർമാൻ ഖാൻ. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ താൽപ്പര്യം.