67-ാം വയസ്സിലും ദിവസേന ആറു നേരം ഭക്ഷണം ; കാൻസറിനെ തോൽപ്പിച്ച സഞ്ജയ് ദത്തിന്റെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്

 

 ജീവിതത്തിലെ വലിയ പ്രതിസന്ധികളെയും മാരകമായ രോഗങ്ങളെയും അതിജീവിച്ച് ബോളിവുഡിന്റെ പ്രിയതാരം സഞ്ജയ് ദത്ത് തന്റെ 67-ാം പിറന്നാൾ നിറവിലാണ്. 2020-ൽ സ്റ്റേജ് 4 ശ്വാസകോശ അർബുദം ബാധിച്ച് മരണത്തിന്റെ വക്കോളം എത്തിയെങ്കിലും, അസാധാരണമായ ഇച്ഛാശക്തികൊണ്ട് ആ രോഗത്തെ തോൽപ്പിച്ച് അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴും ഒറ്റയടിക്ക് 50 പുഷ് അപ്പുകൾ വരെ അനായാസം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് താരം തെളിയിക്കുന്നു. ഈ പ്രായത്തിലും തളരാത്ത ഊർജ്ജസ്വലതയോടെ ഇരിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് കഠിനമായ വ്യായാമത്തിനൊപ്പം ചിട്ടയായ ഭക്ഷണക്രമം കൂടിയാണ്.

സാധാരണക്കാർ പിന്തുടരുന്ന പോലെ മൂന്ന് നേരം ഭക്ഷിക്കുന്നതിന് പകരം ദിവസവും ആറു തവണയായാണ് സഞ്ജയ് ദത്ത് ഭക്ഷണം കഴിക്കുന്നത്. തന്റെ വർക്കൗട്ടുകൾക്കും ഫിറ്റ്‌നസ് ലക്ഷ്യങ്ങൾക്കും എനർജി നിലനിർത്താൻ ഈ ഡയറ്റ് രീതി ഏറെ സഹായിക്കുന്നുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മ്യൂസ്‌ലി, മുട്ടയുടെ വെള്ള, അവോക്കാഡോ എന്നിവ ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണത്തോടെയാണ് അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്.

ദിവസത്തിന്റെ വിവിധ സമയങ്ങളിലായി പഴങ്ങളും സലാഡുകളും ചെറിയ അളവിൽ കഴിക്കുന്ന അദ്ദേഹം, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി വേവിച്ച ചിക്കനും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കർശനമായ ഡയറ്റ് പ്ലാനുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ ശരീരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്റെ രീതി.

അതേസമയം, ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുമ്പോഴും വല്ലപ്പോഴും ഇഷ്ടമുള്ള വിഭവങ്ങൾ ആസ്വദിക്കുന്ന ചീറ്റ് ഡേകൾ അദ്ദേഹത്തിനുണ്ട്. സഞ്ജയ് ദത്തിന്റെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ബിരിയാണിയാണ്. ഇതിനുപുറമെ ഷാമി കബാബ്, ബോട്ടി കബാബ്, ബട്ടർ ചിക്കൻ എന്നിവയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നാൽ എത്രയൊക്കെ വലിയ ഹോട്ടലുകളിൽ നിന്ന് കഴിച്ചാലും തന്റെ അമ്മയും പ്രശസ്ത നടിയുമായ നർഗീസ് ദത്ത് ഉണ്ടാക്കിക്കൊടുത്തിരുന്ന രോഗൻ ജോഷും ഷാമി കബാബുമാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കംഫർട്ട് ഫുഡുകൾ എന്ന് താരം പലപ്പോഴും ഓർത്തെടുക്കാറുണ്ട്.