ഭയങ്കര സന്തോഷത്തോടെ ചെയ്ത ഈ ചിത്രം തികച്ചും അടിപൊളിയാണ് ; ‘ബത്‌ലഹേം കുടുംബ യൂണിറ്റിനെ’ കുറിച്ച് സംഗീത് പ്രതാപ്
ഓണം ബോക്സ് ഓഫീസ് കീഴടക്കാൻ നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഒരുങ്ങുന്നു. തികച്ചും ഒരു റൊമാന്റിക് കോമഡി എന്റർടെയിനറായി എത്തുന്ന ചിത്രം സിനിമാപ്രേമികൾ
ഓണം ബോക്സ് ഓഫീസ് കീഴടക്കാൻ നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഒരുങ്ങുന്നു. തികച്ചും ഒരു റൊമാന്റിക് കോമഡി എന്റർടെയിനറായി എത്തുന്ന ചിത്രം സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഈ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന യുവനടൻ സംഗീത് പ്രതാപ്. സിനിമയുടെ ഡബ്ബിങ് സമയത്ത് ചില ഭാഗങ്ങൾ കണ്ടിരുന്നുവെന്നും ഭയങ്കര സന്തോഷത്തോടെ ചെയ്ത ഈ ചിത്രം തികച്ചും അടിപൊളിയാണെന്നും സംഗീത് പ്രതാപ് വ്യക്തമാക്കി.
‘സർവ്വം മായ’ എന്ന ചിത്രത്തെ ഈ സിനിമ വെട്ടിക്കുമോ എന്ന ചോദ്യത്തിന്, ആ ചിത്രത്തേക്കാൾ മുകളിൽ ബത്‌ലഹേം കുടുംബ യൂണിറ്റ് പോകട്ടെ എന്നാണ് തന്റെ ആഗ്രഹമെന്ന് സംഗീത് മറുപടി നൽകി. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രം കൂടിയാണിത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരടങ്ങുന്ന നിർമ്മാണ കമ്പനിയുമായി നിവിൻ പോളി ആദ്യമായി കൈകോർക്കുന്നു എന്നതും പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തുന്നു.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വരുന്ന ഓണത്തിന് തിയേറ്ററുകളിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ചിത്രം മറ്റൊരു ദൃശ്യവിരുന്ന് തന്നെയാകുമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകർ.