ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ‘മാ ഇൻടി ബംഗാരം’ ഒടിടിയിലേക്ക്

 

 നടി സാമന്ത പ്രധാന വേഷത്തിലെത്തി ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം കൊയ്ത ‘മാ ഇൻടി ബംഗാരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ നിന്ന് മാത്രം 100 കോടിയിലധികം കളക്ഷൻ വാരിക്കൂട്ടിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിലൂടെ ജൂലൈ 17 മുതൽ സ്ട്രീമിങ് ആരംഭിക്കും. സാമന്തയുടെ തന്നെ സ്വന്തം ബാനറായ ‘ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ്’ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വൻ സ്വീകാര്യത നേടിയ ശേഷമാണ് ചിത്രം ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

കഴിഞ്ഞ ജൂൺ 19നാണ് ‘മാ ഇൻടി ബംഗാരം’ തിയേറ്ററുകളിലെത്തിയത്. പ്രശസ്ത സംവിധായിക നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് രാജ് നിന്ദിമൊരു, വസന്ത് മാരിഗാന്തി, പ്രഭാസ് ബൊപ്പുടി എന്നിവർ ചേർന്നാണ്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈ ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ റിലീസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.