‘അരുന്ധതി’ യുടെ റെക്കോർഡ് തകർത്ത് സാമന്തയുടെ ‘മാ ഇൻടി ബംഗാരം’

 നീണ്ട 17 വർഷക്കാലം തെലുങ്ക് സിനിമാ ലോകത്ത് നായികാപ്രാധാന്യമുള്ള ചിത്രങ്ങളുടെ വിജയത്തിന്റെ അളവുകോലായിരുന്ന അനുഷ്‌ക ഷെട്ടിയുടെ ‘അരുന്ധതി’ സൃഷ്ടിച്ച ചരിത്ര റെക്കോർഡുകൾ തകർത്തെറിഞ്ഞ് സാമന്ത റൂത്ത് പ്രഭു.
 

 നീണ്ട 17 വർഷക്കാലം തെലുങ്ക് സിനിമാ ലോകത്ത് നായികാപ്രാധാന്യമുള്ള ചിത്രങ്ങളുടെ വിജയത്തിന്റെ അളവുകോലായിരുന്ന അനുഷ്‌ക ഷെട്ടിയുടെ ‘അരുന്ധതി’ സൃഷ്ടിച്ച ചരിത്ര റെക്കോർഡുകൾ തകർത്തെറിഞ്ഞ് സാമന്ത റൂത്ത് പ്രഭു. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് സാമന്ത പ്രധാന വേഷത്തിലെത്തിയ ‘മാ ഇൻടി ബംഗാരം’ എന്ന ചിത്രമാണ് ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതിയിരിക്കുന്നത്. ജൂലൈ 19-ന് റിലീസ് ചെയ്ത ഈ ചിത്രം ഇതിനകം തന്നെ ആഗോളതലത്തിൽ 83 കോടി രൂപയും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 50 കോടിയിലധികവും നേടിക്കഴിഞ്ഞു. നായകന്മാർ മാത്രം അരങ്ങുവാഴുന്ന തെലുങ്ക് സിനിമാ ലോകത്ത്, സ്വന്തം പേരിൽ തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിച്ച് സാമന്ത തന്റെ അപ്രമാദിത്വം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.

“ബംഗാരം സുവർണലിപികളിൽ ചരിത്രമെഴുതിയിരിക്കുന്നു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാപ്രാധാന്യമുള്ള ചിത്രമായി ഇത് മാറി,” എന്ന് സാമന്തയുടെ നിർമ്മാണ കമ്പനിയായ ത്രലാല മൂവിങ് പിക്ചേഴ്സ് അറിയിച്ചു. ഇതിനു മുൻപ് ഈ റെക്കോർഡ് കൈക്കലാക്കി വെച്ചിരുന്ന കൊടി രാമകൃഷ്ണ – അനുഷ്ക കൂട്ടുകെട്ടിന്റെ ‘അരുന്ധതി’ ആഗോളതലത്തിൽ 70 കോടി രൂപയായിരുന്നു നേടിയിരുന്നത്.

ഒരു പക്കാ ആക്ഷൻ കോമഡി ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം സാമന്തയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിൽ രാജ് നിദിമൊരു, ഹിമാങ്ക് റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സാമന്തയോടൊപ്പം ഗുൽഷൻ ദേവയ്യ, ദിഗന്ത് മാഞ്ചാലെ, ശ്രീമുഖി, ഗൗതമി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ഗർഭിണിയായിരുന്നുവെന്ന സാമന്തയുടെ വെളിപ്പെടുത്തൽ ആരാധകരെ ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു.