ആലിയയെയും ദീപികയെയും പിന്നിലാക്കി തെന്നിന്ത്യൻ സുന്ദരി സാമന്ത

 ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നായികമാരുടെ മെയ് മാസത്തെ പുതിയ പട്ടിക പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ടു.
 

 ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നായികമാരുടെ മെയ് മാസത്തെ പുതിയ പട്ടിക പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ടു. ബോളിവുഡിന്റെ വമ്പൻ താരങ്ങളെപ്പോലും പിന്നിലാക്കി മലയാളികളുടെയും പ്രിയതാരമായ തെന്നിന്ത്യൻ സുന്ദരി സാമന്തയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. സൂപ്പർ താരം ആലിയ ഭട്ടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സാമന്തയുടെ ഈ വൻ കുതിപ്പ്. ബോളിവുഡ് താരം ദീപിക പദുകോൺ മൂന്നാം സ്ഥാനത്തും, പുഷ്പയിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ രശ്മിക മന്ദാന നാലാമതും, കാജൽ അഗർവാൾ അഞ്ചാമതുമെത്തി. അതേസമയം, തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറും മലയാളിയുമായ നയൻതാര തന്റെ സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് മുന്നേറിയെന്നത് ആരാധകർക്ക് ഇരട്ടി മധുരമേകുന്നു.

തുടർച്ചയായ വമ്പൻ വിജയങ്ങളിലൂടെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സായ് പല്ലവിയാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. ശിവകാർത്തികേയനൊപ്പം അഭിനയിച്ച് 300 കോടി ക്ലബ്ബിലിടം നേടിയ ‘അമരൻ’, നാഗചൈതന്യയുടെ കൂടെ 100 കോടി കടന്ന തെലുങ്ക് ചിത്രം ‘തണ്ടേൽ’ എന്നിവ സായ് പല്ലവിയുടെ ജനപ്രീതി കുത്തനെ കൂട്ടി. ബോളിവുഡ് നടി കൃതി സനോൺ എട്ടാമതെത്തിയപ്പോൾ, തെന്നിന്ത്യൻ ക്വീൻ തൃഷ ഒൻപതാം സ്ഥാനത്തും കത്രീന കൈഫ് പത്താം സ്ഥാനത്തുമാണ്. ഇന്ത്യയിലെ മൊത്തം ജനപ്രീതിയാർജ്ജിച്ച നായികമാരുടെ പട്ടികയിൽ ആദ്യ പത്തിൽ കേവലം നാല് ബോളിവുഡ് താരങ്ങൾക്ക് മാത്രമാണ് ഇടം നേടാനായത് എന്നത് ശ്രദ്ധേയമാണ്. പാൻ ഇന്ത്യൻ സിനിമകളിലൂടെ തെന്നിന്ത്യൻ നായികമാർ രാജ്യമൊട്ടാകെ നേടിയെടുക്കുന്ന വൻ സ്വീകാര്യതയും സ്വാധീനവുമാണ് ഓർമാക്സിന്റെ പുതിയ പട്ടിക അടിവരയിടുന്നത്.