സായ് പല്ലവിയുടെ ‘ഓം’ നവംബർ 20-ന് തിയറ്ററുകളിൽ എത്തും
മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓം’-ലെ സായ് പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്തുവന്നു. ‘നിത്യ റെഡ്ഡി ഐ.പി.എസ്’ എന്ന ശക്തയായ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി ചിത്രത്തിലെത്തുന്നത്.
മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓം’-ലെ സായ് പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്തുവന്നു. ‘നിത്യ റെഡ്ഡി ഐ.പി.എസ്’ എന്ന ശക്തയായ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി ചിത്രത്തിലെത്തുന്നത്. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷം കൂടിയാണിത്. സായ് പല്ലവിയുടെ കഥാപാത്രം നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് സിനിമയുടെ ടൈറ്റിലായ ‘ഓം’. ചന്ദനക്കടത്താണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് സൂചനകൾ.
‘അമരൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി, ധനുഷ്, സായ് പല്ലവി, ശ്രീലീല എന്നിവരാണ് അണിനിരക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത് എന്നത് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. 2018-ൽ പുറത്തിറങ്ങിയ ‘പേരൻപ്’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്. ചിത്രത്തിൽ ‘കാർത്തികേയ’ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘മാരി 2’-വിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.