ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു, പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല; ഭാവന

ഒന്നര മാസം താൻ ഒരു സേഫ്റ്റി ബബിളിനുള്ളിൽ ആയിരുന്നു എന്നും പുപുറത്തിറങ്ങിയില്ല എന്നും നടി ഭാവന. പല ഇമോഷനലുകളിലൂടെയാണ് താൻ കടന്നുപോകുന്നത്. 
 

ഒന്നര മാസം താൻ ഒരു സേഫ്റ്റി ബബിളിനുള്ളിൽ ആയിരുന്നു എന്നും പുപുറത്തിറങ്ങിയില്ല എന്നും നടി ഭാവന. പല ഇമോഷനലുകളിലൂടെയാണ് താൻ കടന്നുപോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കില്ല. ചില ദിനങ്ങളിൽ ഓക്കെ ആകാൻ ശ്രമിക്കുമെന്നും ഭാവന പറഞ്ഞു. പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ നാളുകളില്‍ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് ഭാവന മനസുതുറന്നത്‌.

'ഒറ്റവാക്കില്‍ പറയുക ബുദ്ധിമുട്ടാണ്. പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയാകാന്‍ ശ്രമിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കില്ല. സമ്മിശ്ര വികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്.

എല്ലായിപ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശ്ശീലം എനിക്കുണ്ട്. ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ ഈ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. എല്ലായിപ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ ഞാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു', ഭാവനയുടെ വാക്കുകൾ.

അതേസമയം, ഭാവന നായികയായി എത്തുന്ന അനോമി നടിയുടെ കരിയറിലെ 90ാം ചിത്രമാണ്. റീഇൻട്രൊഡ്യൂസിങ് ഭാവന എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കഥാപാത്രമായ സാറ ഫിലിപ്പിനെ അണിയറ പ്രവർത്തകർ വീഡിയോയിലൂടെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു ഈ വീഡിയോക്ക് ലഭിച്ചത്. ജനുവരി 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ ഴോണറിൽ കൂടിയാണ് കഥ പറയുന്നത്. റഹ്‌മാൻ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, ബിനു പപ്പു,വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിയാസ് മാരത്ത് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.