അവസാന ചിത്രം അല്ലേ? ‘ജനനായകൻ’ക്ക് ശേഷം മറ്റൊരു സിനിമയിൽ വിജയ് അഭിനയിക്കുമെന്ന് റിപ്പോർട്ട് ?
ജനനായകൻ’ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ നിർമാതാക്കളുടെ നഷ്ടം നികത്താൻ ഒരു സിനിമയിൽ കൂടി അഭിനയിക്കാൻ വിജയ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. വിജയ്‌യുടെ അവസാന ചിത്രമായിട്ടാണ് ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇനിയും ഒരു സിനിമയിൽ കൂടി താരം അഭിനയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈ: ‘ജനനായകൻ’ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ നിർമാതാക്കളുടെ നഷ്ടം നികത്താൻ ഒരു സിനിമയിൽ കൂടി അഭിനയിക്കാൻ വിജയ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. വിജയ്‌യുടെ അവസാന ചിത്രമായിട്ടാണ് ‘ജനനായകൻ’ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇനിയും ഒരു സിനിമയിൽ കൂടി താരം അഭിനയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം ഇതുവരെ റിലീസായിട്ടില്ല. മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിലവിലെ നീക്കം. പ്രദർശനം പൂർത്തിയാക്കി കളക്ഷൻ കണക്കുകൾ വിലയിരുത്തിയ ശേഷമേ പുതിയ സിനിമയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. പുതിയ ചിത്രത്തിനുള്ള കഥകൾ പരിശോധിക്കാൻ വിജയ് നിർദേശിച്ചതായി നിർമാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ചിത്രം ഇന്റർനെറ്റിൽ ചോരുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ഭാഗങ്ങൾ പല കഷണങ്ങളായി മുറിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമയുടെ ഇൻട്രോ സീനുകളും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള നിർണ്ണായക രംഗങ്ങൾ ഓൺലൈനിൽ എത്തിയിരുന്നു.
ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. ചിത്രത്തിന് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.