കാൻസർ വന്നതിനെ പോലും മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നവർക്കെതിരെ തുറന്നടിച്ച് രേണു സുധി
കാൻസർ വന്നതിനെ പോലും മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നവർക്കെതിരെ തുറന്നടിച്ച് രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങിയതുകൊണ്ടല്ല തനിക്ക് ഈ രോഗം വന്നതെന്നും പതിനഞ്ചാം വയസ്സിൽ തന്നെ മുഴ കണ്ടെത്തിയിരുന്നുവെന്നും രേണു പറഞ്ഞു. തന്റെ കാൻസറിനേക്കാൾ ജീർണിച്ചതാണ് ചിലരുടെ കമന്റുകൾ. ചെറിയ കുഞ്ഞുങ്ങൾക്കു പോലും കാൻസർ വരുന്നത് അവരെന്ത് പാപം ചെയ്തിട്ടാണെന്നും രേണു ചോദിക്കുന്നു.
കാൻസർ വന്നതിനെ പോലും മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നവർക്കെതിരെ തുറന്നടിച്ച് രേണു സുധി. സബ്സ്ക്രിപ്ഷൻ തുടങ്ങിയതുകൊണ്ടല്ല തനിക്ക് ഈ രോഗം വന്നതെന്നും പതിനഞ്ചാം വയസ്സിൽ തന്നെ മുഴ കണ്ടെത്തിയിരുന്നുവെന്നും രേണു പറഞ്ഞു. തന്റെ കാൻസറിനേക്കാൾ ജീർണിച്ചതാണ് ചിലരുടെ കമന്റുകൾ. ചെറിയ കുഞ്ഞുങ്ങൾക്കു പോലും കാൻസർ വരുന്നത് അവരെന്ത് പാപം ചെയ്തിട്ടാണെന്നും രേണു ചോദിക്കുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് രേണുവിന്റെ പ്രതികരണം. രേണു സുധിയുടെ വാക്കുകൾ: ‘‘ഞാൻ ഈ ഒരു സ്ഥലത്ത് തന്നെ ഇരിക്കുന്നത് എനിക്ക് വേറെ അങ്ങ് എഴുന്നേറ്റ് പോകാൻ പറ്റത്തില്ല. വേദന കൊണ്ട് വയ്യ. ഈ ബെഡിൽ തന്നെയാണ് ഞാൻ ഇപ്പോൾ. ബാത്റൂമിൽ പോകണമെങ്കിൽ ചേച്ചി പിടിച്ചോണ്ട് പോകണം. ബ്രഷ് ചെയ്യാൻ പോലും വയ്യ. കാൻസർ വന്നതിനു ശേഷം ഒരുപാട് കമന്റ്സ് കാണാറുണ്ട്. ഫെയ്സ്ബുക്കിലാണ് ഈ വൃത്തികെട്ട കമന്റ്സ് വീണ്ടും വരുന്നത്. നിങ്ങൾ ഒക്കെ എന്തറിഞ്ഞിട്ടാ മനുഷ്യരെ പറയുന്നത്. എനിക്ക് പതിനഞ്ചാമത്തെ വയസ്സിലാണ് ഈ മുഴയുണ്ടായത്. നിങ്ങളാണോ എന്റെ ശരീരമറിയുന്നത്? ഈ സബ്സ്ക്രിപ്ഷൻ എന്നാൽ പിന്നെ സബ്സ്ക്രിപ്ഷൻ ചെയ്തവർക്കെല്ലാം കാൻസർ വരേണ്ടതല്ലേ? നിങ്ങളെന്തറിഞ്ഞിട്ടാണ് മനുഷ്യരെ?
നിങ്ങൾ എന്തറിഞ്ഞിട്ടാണ് സുഹൃത്തുക്കളെ എന്നെ ഈ വേട്ടയാടുന്നത്. അല്ലാതെ എനിക്ക് പെട്ടെന്ന് കാൻസർ ഉണ്ടായതോ ഞാൻ ഈ തോന്നിവാസം കാണിച്ചിട്ട് കാൻസറുണ്ടായതോ അല്ല. നിങ്ങൾ ആർ.സി.സിയിലോട്ട് ഒന്നു പോയി നോക്കൂ. ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ കാൻസർ ഇല്ലേ? നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. അവരെന്തു പാപം ചെയ്തിട്ടാണ്? എന്തിനാണ് എന്നെ വേട്ടയാടുന്നത്? ഗുണം ചെയ്തില്ലേലും ദോഷം ചെയ്യാതിരുന്നൂടെ? ഈ കാൻസർ രോഗികൾ ആഗ്രഹിക്കുന്നത് മാനസികമായി അവരുടെ കൂടെ നിൽക്കണം എന്നുള്ളതാണ്.
ഞാൻ ചോദിക്കട്ടെ, ഞാൻ സമൂഹത്തിൽ എന്ത് ദോഷമാണ് ആർക്കെങ്കിലും ചെയ്തിട്ടുള്ളത്? ഞാൻ കഞ്ചാവ് പ്രമോട്ട് ചെയ്തോ? അല്ലെങ്കിൽ കള്ളക്കടത്ത് നടത്തിയോ? പെൺവാണിഭം നടത്തിയോ? ഒന്നും ഞാൻ ചെയ്തിട്ടില്ല. പിന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? ഞാൻ റീൽ ചെയ്തതാണോ കുഴപ്പം? ഞാൻ ആൽബത്തിൽ അഭിനയിച്ചതാണോ കുഴപ്പം? അതാണോ കുഴപ്പം? എനിക്ക് കാൻസർ ആണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ ആദ്യം അത് മനസ്സിലാക്കൂ. ഒരു കാൻസർ രോഗിയെ ഇട്ട് ഇങ്ങനെ വേദനിപ്പിക്കാതിരിക്കുക. നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ. നന്മ പറയുന്ന ഒരുപാട് പേരുണ്ട്. ഉള്ളിലെ ജീർണിച്ച കാൻസർ പോലെയാണ് ചില ആളുകളുടെ കമന്റുകൾ. അത് എന്റെ ഈ കാൻസറിനെക്കാൾ എത്രയോ ഭീകരമാണ്. നിങ്ങളുടെ ആ ജീർണിച്ച മനസ്സിന്റെ എഴുത്തുകളേക്കാൾ ഭേദമാണ് എന്റെ ഈ ശരീരത്തിൽ പടർന്നുപിടിച്ച ഈ കാൻസർ. ദയവായി നന്മ ചെയ്തില്ലേലും ദോഷം ചെയ്യാതിരിക്കുക.
യഥാർത്ഥത്തിൽ എന്റെ കൂടെ ആരൊക്കെ ഉണ്ട് എന്ന് ഈ ഒരു കിടക്കയിൽ കിടന്നുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് അത്. കാൻസർ ആർക്കും വരാം. ഞാൻ ശ്രീവിദ്യ ചേച്ചിയുടെ ഫോട്ടോയിട്ട് നിങ്ങൾക്ക് സൂചന തന്നു. അതുപോലെ ജിഷ്ണൂന്റെ ഫോട്ടോയിട്ട് സൂചന തന്നു. ഇതൊക്കെ ഓരോ സൂചനകൾ മാത്രമായിരുന്നു. എനിക്കറിയാമായിരുന്നു ഇത്. മനസ്സിലായോ? അല്ലാതെ ഇത് പൊട്ടി മുളച്ചു പെട്ടെന്ന് വന്നതല്ല. എന്നെ ദൈവം ശിക്ഷിച്ചതല്ല. എനിക്ക് വിശ്രമിക്കാനുള്ള ഒരു സമയമായി ഞാൻ കാണുന്നു. എന്റെ മനസ്സിനോട് ദൈവം സംസാരിക്കുന്ന ഒരു സമയമായി കാണുന്നു. ഞാൻ രാത്രികളിൽ ഉറങ്ങാറില്ല. വേദനകൊണ്ട് കരയുകയാണ് ഇവിടെ. ആ തിരുമേനി പാവം അദ്ദേഹം വന്ന് പ്രാർത്ഥിക്കാറുണ്ട്. ഒരുപാട് അനേകായിരം ദൈവമക്കളുടെ പ്രാർത്ഥനയുണ്ട്. വളരെ ബുദ്ധിമുട്ടും വളരെ വേദനകരവും ആയിട്ടുള്ള ഒരു രോഗമാണ്. ഈ രോഗാവസ്ഥ ഒരു മനുഷ്യർക്കും ഒരു കുഞ്ഞുങ്ങൾക്കും ആർക്കും നമ്മുടെ ഭവനത്തിലോ നമ്മുടെ വീടുകളിലോ ഒന്നും ഈ ഒരു അവസ്ഥ ആർക്കും വരുത്തരുതേ എന്ന് മാത്രം സർവ്വശക്തനോട് നമ്മൾ പ്രാർഥിക്കണം. കൂടപ്പിറപ്പ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് അവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വാക്കുകൾ കൊണ്ടു തീരുന്നതല്ല നന്ദി. എന്റെ കുഞ്ഞിനെ നോക്കണമെന്ന് ഞാൻ അവരോട് എപ്പോഴും പറയും. എനിക്കെന്തേലും സംഭവിച്ചുകഴിഞ്ഞാൽ എന്റെ കുഞ്ഞ് അനാഥനാകരുത്. അവനെ ഏറ്റെടുക്കണം എന്ന് പറയും. അവരപ്പോൾ എന്നെ വഴക്ക് പറയും. അവരുടെ കൊച്ചുതന്നെയാണെന്ന് പറയും. എന്റെ കുഞ്ഞിന് ആരുമില്ല. അതാ ഇപ്പോൾ ഏക സങ്കടം. എന്റെ കുഞ്ഞിന് ആരുമില്ലാതായിപ്പോയി. അച്ഛനുമില്ല.’’