‘പദയാത്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

 മൂന്ന് പതിറ്റാണ്ടിന് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും
 

 മൂന്ന് പതിറ്റാണ്ടിന് ശേഷം അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. കമ്പനിയുടെ എട്ടാമത്തെ ചിത്രമായി ഒരുങ്ങുന്ന ‘പദയാത്ര’ ഡിസംബർ 4-ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രം ഒരു പീരിയഡ് ഡ്രാമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. താരത്തിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതുകൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാള സിനിമയിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന ‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ലെജൻഡറി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അടൂർ ഒരുക്കിയ ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.

ഇന്ദ്രൻസ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷെഹനാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീൺ പ്രഭാകറാണ്. ഷാജി നടുവിൽ കലാസംവിധാനവും എസ്.ബി. സതീശൻ, അഭിജിത്ത് എന്നിവർ വസ്ത്രാലങ്കാരവും ഒരുക്കിയിരിക്കുന്നു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ പി.ആർ.ഒ.