റെക്കോര്‍ഡുകള്‍ തകരണം; 'ബെത്ലഹേം കുടുംബ യൂണിറ്റ്' വിജയത്തില്‍ പൃഥ്വിരാജ്

സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണല്ലോ അങ്ങനെ വിളിക്കുന്നത്.

 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ച് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയില്‍ തുടര്‍ച്ചയായി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

'ബെത്ലഹേം സൂപ്പര്‍ ഹിറ്റായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പണ്ട് 'ഇന്‍ഡസ്ട്രി ഹിറ്റ്' എന്ന് വിളിച്ചിരുന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു. സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണല്ലോ അങ്ങനെ വിളിക്കുന്നത്. പണ്ട് മലയാള സിനിമയില്‍ 10-12 വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരുന്നു ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സംഭവിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ച് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയില്‍ ഒരു റെക്കോര്‍ഡ് ഉണ്ടാകുന്നു, രണ്ട് മാസത്തിനുള്ളില്‍ മറ്റൊരു ചിത്രം ആ റെക്കോര്‍ഡ് തകര്‍ക്കുന്നു. വീണ്ടും രണ്ട് മാസത്തിന് ശേഷം വേറൊരു സിനിമ വന്ന് ആ റെക്കോര്‍ഡ് തകര്‍ക്കുന്നു. ഇതൊക്കെ ഒരു സിനിമാ ഇന്‍ഡസ്ട്രിക്ക് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്.

ലോക സൃഷ്ടിച്ച റെക്കോര്‍ഡിനെ ബെത്ലഹേം മറികടക്കാന്‍ പോകുന്നു എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു മാസത്തിനുള്ളില്‍ മറ്റൊരു ചിത്രം വന്ന് ആ റെക്കോര്‍ഡും തകര്‍ക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. അത് ആരുടേതായാലും ശരി. അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇന്‍ഡസ്ട്രി വളരുന്നതും കൂടുതല്‍ സാധ്യതകള്‍ വളരുന്നതും,' പൃഥ്വിരാജ് പറഞ്ഞു.