ഇന്ത്യൻ സിനിമയിലെ ആ റെക്കോർഡ് ഇപ്പോഴും എമ്പുരാന്
സമീപകാലത്ത് വമ്പൻ ആഗോള റിലീസ് ലഭിച്ച മോഹൻലാൽ ചിത്രമായിരുന്നു എമ്പുരാൻ. വൻ ജനപ്രീതിയും വിജയവും നേടിയ ലൂസിഫറിൻറെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിൻറെ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയത്. തിയറ്ററിൽ ആവറേജ് അഭിപ്രായമേ നേടാനായുള്ളൂവെങ്കിലും ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നടത്തിയത്. നിലവിൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ എമ്പുരാൻറെ പേരിൽ ആണ്. ഇന്ത്യൻ സിനിമയിൽത്തന്നെ ഈ വർഷത്തെ ഒരു പ്രധാന റെക്കോർഡും ഈ മോഹൻലാൽ ചിത്രത്തിൻറ പേരിലാണ്.
2025 ൽ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ വിദേശത്ത് ഏറ്റവും കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ആണ് എമ്പുരാൻ ഇപ്പോഴും കൈയാളുന്നത്. റിലീസ് ആയി നാല് മാസങ്ങൾക്കിപ്പുറവും ഈ റെക്കോർഡ് ചിത്രത്തിന് കൈമോശം വന്നിട്ടില്ല. ഇന്ത്യൻ കളക്ഷനിൽ എമ്പുരാൻ നേടിയതിൻറെ പല മടങ്ങ് കളക്ഷൻ നേടിയ ചിത്രങ്ങൾ ഹിന്ദിയിൽ നിന്ന് എത്തിയിട്ടും അവയ്ക്കും ഓവർസീസ് കളക്ഷനിൽ എമ്പുരാനെ മറികടക്കാനായില്ല എന്നതാണ് വാസ്തവം. ഏറ്റവുമൊടുവിൽ ബോക്സ് ഓഫീസിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ ചിത്രം സൈയാരയ്ക്കും വിദേശ കളക്ഷനിൽ ഇതുവരെ എമ്പുരാന് അടുത്തെത്താൻ സാധിച്ചിട്ടില്ല.
ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം വിദേശ മാർക്കറ്റുകളിലെ എമ്പുരാൻറെ കളക്ഷൻ 16.90 മില്യൺ ഡോളർ ആണ്. അതായത് 148 കോടി രൂപ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 12 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിൽ എത്തിയ സൈയാരയാണ് വിദേശ കളക്ഷനിൽ രണ്ടാം സ്ഥാനത്ത്. എന്നാൽ 11 മില്യൺ മാത്രമേ ചിത്രത്തിന് ഇതിനകം നേടാനായിട്ടുള്ളൂ. അതായത് 96 കോടി രൂപ. വിദേശത്ത് 11 മില്യൺ തന്നെ നേടിയ മറ്റൊരു മോഹൻലാൽ ചിത്രമാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. തുടരും ആണ് അത്. ഹിന്ദി ചിത്രം ഛാവയാണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി അഞ്ചാം സ്ഥാനത്തും. 10.25 മില്യൺ ഡോളർ ആണ് ഛാവയുടെ നേട്ടം. 7.6 മില്യൺ ഡോളർ ആണ് ഗുഡ് ബാഡ് അഗ്ലിയുടെ നേട്ടം.