റീ-എഡിറ്റഡ് എമ്പുരാൻ ; ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം വെട്ടി,  പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ 

വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത്

 

എമ്പുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു

കൊച്ചി ∙ വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കി. ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. ഗ്രേഡിങ് പൂർത്തിയാക്കേണ്ടതിനാലാണ് റീ സെൻസർ ചെയ്ത പതിപ്പ് എന്നു മുതൽ പ്രദർശിപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തത്

സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. എന്നാൽ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന കഥാപാത്രത്തിന്റെ പേര് ബൽരാജ് എന്നു മാറ്റിയേക്കും. ബുധനാഴ്ചയോടെ മാറ്റം വരുത്തി തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. 

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എമ്പുരാൻ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും.

എമ്പുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.

വിവാദ രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ  രംഗത്തെത്തിയിരുന്നു. മോഹൻലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമർശം നടത്തിയാണ് ആർഎസഎസ് മുഖപത്രമായ ഓർഗനൈസർ ഇന്നും ലേഖനം പ്രസിദ്ധീകരിച്ചത്.