രൺവീർ സിംഗിന്റെ ‘ധുരന്ദർ’ 1000 കോടിയിലേക്ക്

 

റിലീസിന് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും മുൻവിധികളും നേരിട്ട ചിത്രമായിരുന്നു രൺവീർ സിംഗ് നായകനായ ‘ധുരന്ദർ’. 140 കോടി ബജറ്റിലൊരുങ്ങിയ ചിത്രം നായികാനായകന്മാരുടെ പ്രായവ്യത്യാസത്തിന്റെ പേരിലും മറ്റും ബോളിവുഡിന്റെ അടുത്ത ‘ദുരന്തം’ ആയിരിക്കുമെന്ന് പലരും വിധിയെഴുതി. എന്നാൽ പ്രമോഷൻ സമയത്ത് ലഭിക്കാത്ത വലിയ ഹൈപ്പ് തിയറ്ററുകളിൽ ചിത്രം നേടിയെടുത്തു. ഡിസംബർ 5-ന് റിലീസ് ചെയ്ത ഈ ആക്ഷൻ ത്രില്ലർ ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ തരംഗമായി മാറുകയായിരുന്നു.

റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ 700 കോടി രൂപ എന്ന വമ്പൻ നേട്ടത്തിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 674.5 കോടി രൂപ ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം 524.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിദേശ വിപണിയിൽ നിന്നും 150 കോടിയിലധികം നേടി. നിലവിൽ വലിയ പുതിയ റിലീസുകൾ ഇല്ലാത്തതിനാൽ ചിത്രം ഉടൻ തന്നെ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ ഷാരൂഖ് ഖാനും ആമിർ ഖാനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി രൺവീർ മാറും.

ആദിത്യ ധർ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം ബോളിവുഡിന് പുതിയ ഊർജ്ജമാണ് നൽകുന്നത്. അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരന്ന ചിത്രം വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുമെന്നുറപ്പാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വൻ ഹിറ്റായതോടെ ഇതിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ധുരന്ദർ 2’ 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.