‘രണബാലി’ ഒക്ടോബർ 16-ന് എത്തും
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പുറത്തുവന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി-സീരീസ് എന്നിവരാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ‘രണബാലി’ എന്ന വീരയോദ്ധാവായ പോരാളിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, ജയമ്മയായാണ് രശ്മിക മന്ദാന വേഷമിടുന്നത്. ഇരുവരുടെയും ആഴമേറിയ പ്രണയത്തെ അടയാളപ്പെടുത്തുന്ന ‘എൻന്തയ്യ സാമി’ ഗാനം ഇതിനോടകം തന്നെ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിവാഹ ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ പ്രൊജക്റ്റ് എന്ന പ്രത്യേകതയും ഈ പിരിയോഡിക് ഡ്രാമയ്ക്കുണ്ട്. ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെയും മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളെയും ആസ്പദമാക്കിയുള്ള ഒരു സിനിമാറ്റിക് പുനരാവിഷ്‌കാരമാണിത്. ‘സിംഗനമല ബൊബ്ബിലി രണബാലി’ എന്ന കഥാപാത്രത്തിലൂടെ വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ സൂചന. കൂടാതെ, ‘ദ് മമ്മി’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്ലൂ, സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി ചിത്രത്തിൽ കരുത്തുറ്റ പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്.