'രണബാലി'യുടെ റിലീസ് തിയതി പുറത്ത്

 

 വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി' റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 16നാണ് വേൾ‍ഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയിരുന്നു. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിംഗനമല ബൊബ്ബിലി രണബാലി എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.