'രാമായണ' ആദ്യ ഭാഗം നവംബർ 5ന് എത്തും

 

 ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ആദ്യ ഭാഗത്തിൻറെ ലോകമെമ്പാടുമുള്ള റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നവരാത്രിയുടെ ആദ്യ ദിനത്തിലാണ് ചിത്രം 2026 നവംബർ 5ന് തിയറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. "യേ റാം കെ യുഗ് കാ ആരംഭ് ഹൈ" എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഈ ദസറ മുതൽ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

സോണി പിക്ചേഴ്സ് ആണ് ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമക്കായി അണിനിരക്കുന്നത്.

ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി എത്തുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമിക്കുന്ന യാഷ്, രാവണനായി ചിത്രത്തിൽ എത്തുന്നു. ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണം' ഒന്നിപ്പിക്കുകയാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്.

ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ ആതിര ദിൽജിത്ത്.