അഡ്വാൻസ് ബുക്കിംഗിലൂടെ 100 കോടി നേടി ‘രാമായണ’

 നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ 2026 നവംബർ 5-ന് തിയേറ്ററുകളിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ സിനിമാ ലോകത്ത് വൻ തരംഗം സൃഷ്ടിക്കുന്നു. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്ന ഈ പുരാണ ഇതിഹാസ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തും അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പാണ് ചിത്രം രേഖപ്പെടുത്തുന്നത്.
 
ട്രേഡ് അനലിസ്റ്റുകളായ സക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 96.64 കോടി രൂപ നേടിയിട്ടുണ്ട്. ആദ്യ ദിനത്തിന് മുമ്പ് തന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുന്ന ചിത്രം 898 നഗരങ്ങളിലായി 83,087 ഷോകളിലേക്ക് ഇതിനകം 25.68 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കളക്ഷനിൽ ഹിന്ദി പതിപ്പാണ് മുന്നിൽ നിൽക്കുന്നത് (78.93 കോടി). മറ്റു ഭാഷകളിലെ കളക്ഷൻ: തെലുങ്ക് – 8.09 കോടി, കന്നഡ – 7.27 കോടി, തമിഴ് – 1.86 കോടി, മലയാളം – 49.23 ലക്ഷം രൂപ.

ഇന്ത്യൻ നഗരങ്ങളിൽ ഡൽഹി-എൻ.സി.ആർ ആണ് അഡ്വാൻസ് ബുക്കിംഗിൽ ഏറ്റവും മുന്നിൽ. മുംബൈ (11.90 കോടി), ബെംഗളൂരു (9.97 കോടി), ഹൈദരാബാദ് (5.83 കോടി), പൂനെ (4.06 കോടി) എന്നീ നഗരങ്ങളിലും ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ വടക്കേ അമേരിക്ക, ഓസ്ട്രേലിയ, എന്നിവിടങ്ങളിലും ചിത്രം വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. വടക്കേ അമേരിക്കയിൽ പ്രിവ്യൂ ഷോകളിലൂടെ മാത്രം 1.20 മില്യൺ ഡോളറിലധികം നേടിയ ചിത്രം, യു.എസിലെ ആദ്യ വാരാന്ത്യ മുൻകൂർ വിൽപ്പനയിൽ 3 മില്യൺ ഡോളറിലേക്ക് അടുക്കുകയാണ്.

നമിത് മൽഹോത്ര നിർമ്മിച്ച് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രൺബീർ, സായ് പല്ലവി, യാഷ് എന്നിവർക്ക് പുറമെ രവി ദുബെ, സണ്ണി ഡിയോൾ, അനുപം ഖേർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്‌റോയ്, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.