മാസ്സ് ലുക്കിൽ രാം ചരൺ ; ‘പെഡി’യുടെ ചിത്രീകരണം പൂർത്തിയായി
രാം ചരണിനെ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പെഡി’യുടെ ചിത്രീകരണം പൂർത്തിയായി. ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 ജൂൺ 4-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. നേരത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക ജോലികൾ പൂർത്തിയാക്കുന്നതിനായി തീയതി നീട്ടുകയായിരുന്നു. ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ എ.ആർ. റഹ്മാൻ ഈണം നൽകിയ പ്രത്യേക ഗാനരംഗം ചിത്രീകരിച്ചതോടെയാണ് സിനിമയുടെ ഷൂട്ടിംഗിന് ഔദ്യോഗികമായി സമാപനമായത്.
ശാരീരികമായ വമ്പൻ മാറ്റങ്ങളോടെയാണ് രാം ചരൺ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗുസ്തിയും ക്രിക്കറ്റും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ഒരു പെഹൽവാൻ്റെ കരുത്തുറ്റ ലുക്കിലാണ് താരം എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. രാം ചരൺ- ശിവരാജ് കുമാർ കോമ്പോ ആദ്യമായി ഒന്നിക്കുന്നത് കാണാൻ സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്.
എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ചികിരി ചികിരി, റായ് റായ് രാ രാ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ ചാർട്ട്ബസ്റ്ററുകളായി മാറിക്കഴിഞ്ഞു. വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ‘പെദ്ധി’, വേനലവധി കാലത്തിന്റെ അവസാനം തീയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.