മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കി ജീവന്‍ വെടിഞ്ഞ രാജേഷിന്റെ മക്കളുടെ  വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും

കണ്ണൂര്‍ ചെറുപുഴപ്പുഴയില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 36-കാരനായ രാജേഷ് ദുരന്തത്തില്‍പ്പെട്ടത്

 

വിദ്യാമൃതം' പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കി ജീവന്‍ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും' പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ 'എംജിഎം ഗ്രൂപ്പും' സംയുക്തമായി നടപ്പാക്കുന്ന 'വിദ്യാമൃതം' പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി, എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുന്ന 'ജീവാമൃതം' രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കിളിമാനൂര്‍ എം ജി എം ടെക്നോളജിക്കല്‍ ക്യാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കവേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ ചെറുപുഴപ്പുഴയില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 36-കാരനായ രാജേഷ് ദുരന്തത്തില്‍പ്പെട്ടത്.കുടുംബത്തിന്റെ ഏക അശ്രയമായിരുന്ന രാജേഷിന്റെ വേര്‍പാടോടെ നിര്‍ധനരായ കുടുംബവും കുട്ടികളും കടുത്ത പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തല അന്തരിച്ച രാജേഷിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കുകയും, എംജിഎം ഗ്രൂപ്പ് ചെയര്‍മാനും കെയര്‍ ആന്‍ഡ് ഷെയര്‍ വൈസ് ചെയര്‍മാനുമായ ഗീവര്‍ഗീസ് യോഹന്നാനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഗീവര്‍ഗീസ് യോഹന്നാന്‍ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ പഠനം പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.