രജനികാന്ത് – കമൽ ഹാസൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
തമിഴ് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് – കമൽ ഹാസൻ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ധർമൻ’ എന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ 40 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കമൽ ഹാസൻ തന്നെയാണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ഡോക്ടർ ധർമനായി എത്തുന്നത് സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. പുറത്തുവന്ന ടൈറ്റിലിന് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ വരവേൽപാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഓഹ് മൈ കടവുളേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വന്ത് മാരിമുത്തുവാണ് ഈ മെഗാ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത്.
ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വേളയിൽ സംവിധായകൻ അശ്വന്ത് മാരിമുത്തു സിനിമയെക്കുറിച്ചുള്ള ചില രസകരമായ സൂചനകൾ പങ്കുവെച്ചു. സിനിമയിലെ നായകനായ ‘ധർമൻ’ ഒരിക്കലും നമ്മൾ സാധാരണ കാണുന്ന ഒരു നന്മമരമായ ‘5 രൂപ ഡോക്ടർ’ അല്ലെന്നും, തികച്ചും ധിക്കാരിയായ, അധർമം ചെയ്യുന്ന ഒരു വ്യത്യസ്തനായ ഡോക്ടറെക്കുറിച്ചാണ് ചിത്രമെന്നും സംവിധായകൻ വെളിപ്പെടുത്തി. രജനികാന്തിന്റെ എക്കാലത്തെയും മാസ്സ് ചിത്രമായ ‘പടയപ്പ’യും കമൽ ഹാസന്റെ കൾട്ട് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘വേട്ടയാട് വിളയാട്’ എന്നീ സിനിമകളും കൂടിച്ചേർന്ന ഒരു കിടിലൻ സിനിമാറ്റിക് അനുഭവമായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമിത് സുന്ദർ സി സംവിധാനം ചെയ്യാനിരുന്ന പ്രൊജക്റ്റ് ആയിരുന്നു.
തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ഈ ചിത്രത്തിൽ മലയാളി പ്രേക്ഷകർക്ക് ഇരട്ടി മധുരമേകി ബേസിൽ ജോസഫും നസ്ലെനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അടുത്ത കാലത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങളിലെല്ലാം മലയാളി താരങ്ങളുടെ സാന്നിധ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു; ‘ജയിലറി’ൽ മോഹൻലാലും, ‘വേട്ടൈയനി’ൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും, ‘കൂലി’യിൽ സൗബിൻ ഷാഹിറും തരംഗം തീർത്തതിന് പിന്നാലെയാണ് ഇപ്പോൾ ബേസിലിന്റെയും നസ്ലെന്റെയും പേരുകൾ ധർമനിലേക്ക് ഉയർന്നു കേൾക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.