സംവിധായകർക്ക് സ്വാതന്ത്ര്യം നൽകുന്ന നിർമാതാവ്, ഷാരൂഖ് ഖാൻ സെറ്റിൽ വന്നിട്ടേയില്ല- സെയ്ഫ് അലി ഖാൻ 

ഇന്ത്യയിലെ മുൻനിര സിനിമാ നിർമാതാവ് കൂടിയാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഇതിനകം തന്നെ നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളും വെബ് സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ നിർമ്മാണത്തിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കർത്തവ്യ'. മുംബൈയിൽ നടന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, ഷാരൂഖ് ഖാൻ എന്ന നിർമ്മാതാവിന്റെ വേറിട്ട ശൈലിയെക്കുറിച്ച് ചിത്രത്തിലെ നായകനും ഷാരൂഖിന്റെ സുഹൃത്തുമായ സെയ്ഫ് അലി ഖാൻ തുറന്നുപറയുകയുണ്ടായി.

2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ സൂപ്പർഹിറ്റ് ചിത്രം 'കൽ ഹോ നാ ഹോ'യിലാണ് ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് മൂന്ന് തവണ ഫിലിംഫെയർ അവാർഡുകളിൽ ഇവർ ഒരുമിച്ച് അവതാരകരായും എത്തി. ഇപ്പോൾ 'കർത്തവ്യ' എന്ന ചിത്രത്തിലൂടെ നടൻ-നിർമ്മാതാവ് എന്നീ നിലകളിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

ഷാരൂഖ് ഖാനുമായുള്ള ഒരു ചെറിയ കൂടിക്കാഴ്ചയിലൂടെയാണ് താൻ ഈ പ്രോജക്റ്റിലേക്ക് എത്തിയതെന്ന് സെയ്ഫ് അലി ഖാൻ പറയുന്നു. ഒരു നല്ല തിരക്കഥയുണ്ടെന്നും അത് കേൾക്കണമെന്നും ഷാരൂഖ് ആവശ്യപ്പെട്ടു. കഥ കേൾക്കുകയും സംവിധായകൻ പുൽകിതിനെ കാണുകയും ചെയ്തു. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ഷാരൂഖ് സിനിമ കാണുകയും അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. നിർമാതാവുമായുള്ള തന്റെ ഇടപെടൽ അത്രമാത്രമായിരുന്നുവെന്ന് സെയ്ഫ് പറഞ്ഞു.

സിനിമയുടെ നിർമ്മാണ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ഒരു വ്യക്തിയല്ല ഷാരൂഖ് ഖാൻ എന്ന് സെയ്ഫ് പറയുന്നു. ചിത്രത്തിന്റെ സെറ്റുകളിൽ അദ്ദേഹം ഒരിക്കൽ പോലും വന്നിരുന്നില്ല. സംവിധായകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും അവർക്ക് ആവശ്യമുള്ള രീതിയിൽ സിനിമ നിർമ്മിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന നിർമ്മാതാക്കളിൽ ഒരാളാണ് അദ്ദേഹം. തന്റെ സാന്നിധ്യം ചിലപ്പോൾ മറ്റുള്ളവർക്ക് അമിത സമ്മർദ്ദം ഉണ്ടാക്കിയേക്കാം എന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമ ചെയ്യാനുള്ള അവസരം അദ്ദേഹം നൽകിയെന്നും, ദൈനംദിന ഇടപെടലുകൾ ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് സിനിമ ചെയ്യാൻ സാധിച്ചുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.

റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിച്ച് പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർത്തവ്യ. ചിത്രം ഒരു ക്രൈം ഡ്രാമയാണ്. സെയ്ഫ് അലി ഖാനെ കൂടാതെ രസിക ദുഗൽ, സഞ്ജയ് മിശ്ര, സാക്കിർ ഹുസൈൻ, മനീഷ് ചൗധരി, സൗരഭ് ദ്വിവേദി തുടങ്ങിയ മികച്ച താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മേയ് 15-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.