ഒരുപാട് ആഗ്രഹിച്ചുണ്ടായ മകൾ തങ്ങൾക്ക് ഒരു അത്ഭുത കുഞ്ഞാണ് ; മനസ്സ് തുറന്ന് പ്രിയങ്കയും നിക്കും
നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും തങ്ങളുടെ മകൾ മാൾട്ടി മേരി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി മാറിയതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. വാടക ഗർഭധാരണത്തിലൂടെ കുടുംബത്തിലേക്ക് എത്തിയ മകളോട് ഉള്ള സ്നേഹവും ബന്ധവും ഇരുവരും തുറന്നുപറയുന്നു.
നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും തങ്ങളുടെ മകൾ മാൾട്ടി മേരി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി മാറിയതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. വാടക ഗർഭധാരണത്തിലൂടെ കുടുംബത്തിലേക്ക് എത്തിയ മകളോട് ഉള്ള സ്നേഹവും ബന്ധവും ഇരുവരും തുറന്നുപറയുന്നു. നാല് ആൺമക്കളുള്ള കുടുംബത്തിൽ വളർന്ന തനിക്കു, ഒരു പെൺകുട്ടിയുടെ അച്ഛനായ ശേഷമാണ് ആൺ-പെൺ വ്യത്യാസങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് നിക്ക് ജോനാസ് വ്യക്തമാക്കുന്നു.
മകൾ മാൾട്ടി പ്രീസ്‌കൂളിലെ സഹപാഠികളോട് ഇടപഴകുന്ന രീതിയും അവളുടെ ചെറിയ അത്ഭുതബോധവും കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും, അവളുടെ ആ ജിജ്ഞാസ സംരക്ഷിക്കാൻ താൻ എന്നും ശ്രമിക്കുമെന്നും നിക്ക് കൂട്ടിച്ചേർത്തു.
മകൾക്കായി വലിയ ആസൂത്രണങ്ങൾ നടത്തുന്നതിനേക്കാൾ ഉപരിയായി അവളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് നിക്ക് ജോനാസ് വ്യക്തമാക്കി. കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ ശ്രദ്ധയും സ്നേഹവുമാണ് തന്നെ സ്വാധീനിച്ചതെന്നും, അതുകൊണ്ടുതന്നെ മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളുടെ ഉള്ളിലെ മാന്ത്രികത എന്താണെന്ന് കണ്ടെത്തുകയും, അവർ ആഗ്രഹിക്കുന്നതുപോലെ വളരാൻ സഹായിക്കുന്ന ഒരു നല്ല ലോകം അവർക്ക് ചുറ്റും ഒരുക്കുകയുമാണ് ചെയ്യേണ്ടതെന്നും നിക്ക് തന്റെ രക്ഷാകർതൃ സമീപനത്തെക്കുറിച്ച് വിശദീകരിച്ചു.
ഗർഭധാരണവുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും മകളുടെ ജനനത്തിനു ശേഷം ജീവിതത്തിൽ വന്ന വലിയ മാറ്റങ്ങളെക്കുറിച്ചും പ്രിയങ്ക ചോപ്രയും മനസ്സ് തുറന്നു. ഒരുപാട് ആഗ്രഹിച്ചുണ്ടായ മകൾ തങ്ങൾക്ക് ഒരു അത്ഭുത കുഞ്ഞാണെന്നും, അവൾ ജനിച്ചതോടെ തന്റെ മുൻഗണനകൾ പൂർണ്ണമായും മാറിയെന്നും പ്രിയങ്ക പറയുന്നു. മകൾ സ്കൂളിൽ പോകുമ്പോഴും താൻ ജോലി സംബന്ധമായി മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോഴും ഇപ്പോഴും മനസ്സിൽ ചെറിയൊരു ഭയം നിലനിൽക്കാറുണ്ടെന്നും പ്രിയങ്ക പങ്കുവെച്ചു. തന്റെ ഹൃദയം ശരീരത്തിന് പുറത്ത് ഓടുന്നത് പോലുള്ള ഒരു വികാരമാണ് മകളെ പിരിഞ്ഞിരിക്കുമ്പോൾ അനുഭവപ്പെടാറുള്ളതെന്നും, തന്റെ ജീവിതം ഇപ്പോൾ അവളിൽ തുടങ്ങി അവളിൽ തന്നെയാണ് അവസാനിക്കുന്നതെന്നും പ്രിയങ്ക ഹൃദയസ്പർശിയായി കുറിച്ചു.