‘ബാലൻ’ ചിത്രത്തെ പുകഴ്ത്തി പ്രിയദർശൻ
‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാലൻ: ദി ബോയ്’ റിലീസിന് ഒരുങ്ങവെ, ചിത്രത്തിന് പൂർണ്ണ പിന്തുണയുമായി സംവിധായകൻ പ്രിയദർശൻ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമയാണ് ‘ബാലൻ’ എന്നും, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഇത് ഓർമ്മിക്കപ്പെടുമെന്നും പ്രിയദർശൻ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ജനിപ്പിക്കുന്നതാണ് പ്രിയദർശന്റെ വാക്കുകൾ. “ഒരു നല്ല സിനിമ എന്നത് സംഭവിക്കുന്നതാണ്. വളരെ ഉഗ്രൻ ഒരു സിനിമ എടുത്തുകളയാം എന്ന് കരുതി ആർക്കും പോയി സിനിമ എടുക്കാൻ പറ്റില്ല. ചിദംബരമാണ് ഈ കപ്പലിന്റെ ക്യാപ്റ്റൻ. എങ്കിലും ഈ സിനിമയുടെ ഭാഗമായ എല്ലാവരും തങ്ങളുടേതായ സംഭാവനകൾ വളരെ മികച്ച രീതിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി ബാലൻ എന്നും ഓർമ്മിക്കപ്പെടും. അതെന്റെ ഗ്യാരന്റിയാണ്” എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ.
ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ പ്രദർശിപ്പിച്ച് വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ‘ബാലൻ’. ആഗോള തലത്തിലെ ഈ സ്വീകാര്യതയ്ക്ക് ശേഷമാണ് ചിത്രം വെള്ളിയാഴ്ച (ജൂൺ 19) തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുമുഖം ഫർസാന പാലത്തിങ്കൽ നായികയാകുന്ന ചിത്രത്തിൽ ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം സുഷിൻ ശ്യാം തന്നെയാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.