ഫഹദ് ഫാസിലും സംവിധായകൻ സി. പ്രേംകുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചു
മലയാളത്തിൻറെ പ്രിയതാരം ഫഹദ് ഫാസിലും, '96', 'മെയ്യഴകൻ' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയ സംവിധായകൻ സി. പ്രേംകുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടു.
മലയാളത്തിൻറെ പ്രിയതാരം ഫഹദ് ഫാസിലും, '96', 'മെയ്യഴകൻ' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയ സംവിധായകൻ സി. പ്രേംകുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടു. ഉദ്വേഗം നിറക്കുന്ന ടൈറ്റിൽ അനൗൺസ്മെൻറ് വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻറെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'അശരീരി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 2027 ജനുവരി ഒന്നിനാണ് ചിത്രത്തിൻറെ റിലീസ്.
ഗ്രീൻ ലൈനുകൾ നിറഞ്ഞ മൊബൈൽ ഡിസ്പ്ലേ, അൺനോൺ നമ്പറിൽ നിന്നെത്തുന്നൊരു ഫോൺകോൾ, കട്ടത്താടിയുമായുള്ള ഫഹദിൻറെ അവ്യക്തമായ രൂപം എന്നിവയാണ് ടൈറ്റിൽ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ പ്രോജക്റ്റിനെ നോക്കിക്കാണുന്നത്.
വേൽസ് ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ ഡോ.ഇഷാരി കെ ഗണേഷ്, മൺസൂൺ മൂവീസുമായാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന റിലീസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. ഏറെ പ്രേക്ഷകശ്രദ്ധയാർജ്ജിച്ച ഹൃദയസ്പർശിയായ ഫീൽഗുഡ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രേംകുമാറിൻറെ പുതിയ ചിത്രം പക്ഷേ അദ്ദേഹം ഇതുവരെ ചെയ്യാത്തൊരു ജോണറിലാണെന്നാണ് ടൈറ്റിൽ വിഡിയോ നൽകുന്ന സൂചന.
ശിവദ, ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: മഹേന്ദിരൻ ജയരാജു, എഡിറ്റിംഗ്: ആർ. ഗോവിന്ദരാജ്, ആക്ഷൻ: മഹേഷ് മാത്യു, പ്രൊഡക്ഷൻ ഡിസൈൻ: കുമാർ ഗംഗപ്പൻ, തെലുങ്ക് വിതരണം: ഷോയിംഗ് ബിസിനസ് (എസ്.എസ്. കാർത്തികേയ). പിആർ ആതിര ദിൽജിത്ത്.