മികച്ച പ്രതികരണം നേടി ‘പ്രതിഛായ’
നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘പ്രതിഛായ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.
നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘പ്രതിഛായ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രൊപ്പഗാണ്ടയല്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വൻ തുക മുടക്കി ഒരു സിനിമ ചെയ്യുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് പ്രതിബദ്ധത കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംവിധായകൻ പറഞ്ഞു. പല നടന്മാരിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ചിത്രം നിവിൻ പോളിയിലേക്ക് എത്തിയത്. സിനിമയിലെ കഥാപാത്രങ്ങൾക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഛായ തോന്നുന്നത് സ്വാഭാവികമാണെന്നും പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ വേണ്ടിയാണ് അത്തരം ഷെയ്ഡുകൾ നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ്മൻചാണ്ടി, കെ. കരുണാകരൻ തുടങ്ങിയ ജനകീയ നേതാക്കളുടെയെല്ലാം സ്വഭാവ സവിശേഷതകൾ ഈ കഥാപാത്രത്തിനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ, സായ് കുമാർ, ഹരിശ്രീ അശോകൻ തുടങ്ങി പ്രമുഖർ വേഷമിടുന്നു. കേരളം ചർച്ച ചെയ്ത പല വിവാദ വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സൂചന.