'പ്രതിഛായ' റിവ്യൂ: രസിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ, നിവിൻ പോളിക്ക് സൂപ്പർസ്റ്റാർ പടവുകൾ ഒരുക്കുന്ന 'പ്രതിഛായ'

1999-ല്‍ 'ജലമര്‍മ്മരം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമാ രംഗത്തേയ്ക്ക് കടന്നുവന്നയാളാണ് ബി. ഉണ്ണികൃഷ്ണന്‍. ടി.കെ രാജീവികുമാര്‍ സംവിധാനം ചെയ്ത ആ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും, മികച്ച രണ്ടാമത്തെ ചിത്രം,

 

ട്രൂ ക്രിട്ടിക്

1999-ല്‍ 'ജലമര്‍മ്മരം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമാ രംഗത്തേയ്ക്ക് കടന്നുവന്നയാളാണ് ബി. ഉണ്ണികൃഷ്ണന്‍. ടി.കെ രാജീവികുമാര്‍ സംവിധാനം ചെയ്ത ആ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു. പിന്നീടും ചില സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം 2006-ല്‍ 'സ്മാര്‍ട്ട് സിറ്റി' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണന്‍ സംവിധായകനാകുന്നത്. അതിന് ശേഷം എഴുത്തും സംവിധാനവുമായി പത്തിലധികം ചിത്രങ്ങളുണ്ടെങ്കിലും, ബഹുഭൂരിപക്ഷം പ്രേക്ഷകരും സ്വീകരിച്ച ചിത്രം മാടമ്പിയാണെന്ന് പറയാം. ഗ്രാന്‍ഡ് മാസ്റ്ററും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായം നേടിയ സിനിമയാണ്.

ഉണ്ണികൃഷ്ണന്റെ മിക്ക സിനിമകളുടെയും ഒരു പ്രശ്‌നമായി തോന്നിയിട്ടുള്ളത് അപൂര്‍ണ്ണമായ തിരക്കഥകളാണ്. രസിപ്പിക്കുന്ന ചില കാര്യങ്ങള്‍ കഥയില്‍ ഉണ്ടായിരിക്കെ തന്നെ അത് മികച്ച തിരക്കഥയിലേയ്ക്ക് പരുവപ്പെടുത്താന്‍ സാധിക്കാതെ വരുന്നത് കാരണം സിനിമകളില്‍ ഒരു ഒന്നുമില്ലായ്മ അനുഭവപ്പെടാറുണ്ട്. കഥയുടെ ഒറ്റവാചകവും കഥാപരിസരങ്ങളും കഥാപാത്രങ്ങളുമെല്ലാം താല്‍പര്യമുണര്‍ത്തുന്നവയാകുമ്പോഴും ഈ അപൂര്‍ണ്ണതയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ തിയറ്ററില്‍ സ്വീകരിക്കപ്പെടാതെ പോകാന്‍ കാരണം. അതുപോലെ അദ്ദേഹത്തിന്റെ മറ്റുചില സിനിമകളാകട്ടെ കേട്ട കഥകള്‍ അതേപോലെ തന്നെ ആവര്‍ത്തിച്ചും വിരസതയുളവാക്കാറുണ്ട്. അത്തരത്തില്‍ മടുപ്പില്ലാതെ രക്ഷപ്പെട്ടുപോയ സിനിമകളാണ് മാടമ്പിയും, ഗ്രാന്‍ഡ്മാസ്റ്ററും.

2022-ല്‍ മോഹന്‍ലാലിനെ നായകനാക്കി ആറാട്ടും, 2023-ല്‍ മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫറും ചെയ്ത ശേഷമാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ നിവിന്‍ പോളിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന 'പ്രതിഛായ' പുറത്തെത്തുന്നത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുത്തെത്തി നില്‍ക്കുന്ന സമയത്താണ് സംസ്ഥാന രാഷ്ട്രീയത്തിലെ പല നേതാക്കന്മാരെയും മുന്നണികളെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചിത്രമെത്തുന്നത് എന്നത് കൗതുകമുളവാകുന്ന കാര്യമാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, നിവിന്‍ പോളി എന്ന മാസ് ഹീറോയ്ക്ക് തുടക്കം നല്‍കിയേക്കാവുന്ന, മികച്ച ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമാണ് 'പ്രതിഛായ.'

കേരളാ മുഖ്യമന്ത്രിയായ കെ.എന്‍ വര്‍ഗീസ് (ബാലചന്ദ്രമേനോന്‍) പ്രതിപക്ഷത്ത് നിന്നും, ഭരണപക്ഷത്ത് നിന്നും ഒരുപോലെ വെല്ലുവിളിയും എതിര്‍പ്പും നേരിടുന്നയാളാണ്. പുറത്ത് ജനസമ്മതനാണെങ്കിലും പല കാര്യങ്ങളിലും തന്റേതായ ശരികളിലൂടെ മാത്രം സഞ്ചരിക്കുന്ന അദ്ദേഹം ഭരണം കൈയാളാന്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നയാളും, അഴിമതിക്കാരനുമാണ്. അദ്ദേഹത്തിന്റെ മൂത്ത മകനായ ടോബിന്‍ വര്‍ഗീസ് (നിഷാന്ത് സാഗര്‍) രാജ്യസഭാ എംപിയായി രാഷ്ട്രീയത്തിലുണ്ടെങ്കിലും തന്റെ വിത്ത് ഗുണം കിട്ടിയിരിക്കുന്ന മകന്‍ ജോണ്‍ വര്‍ഗീസ് (നിവിന്‍ പോളി) ആണെന്നാണ് വര്‍ഗീസിന്റെ പക്ഷം. എന്നാല്‍ ജോണാകട്ടെ തന്റെ ഐടി ബിസിനസില്‍ വ്യാപൃതനാണ്. അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യം ഉടലെടുക്കുകയും, ജോണിന് അപ്പന്റെ കസേരയിലിരുന്ന് നാട് ഭരിക്കേണ്ടി വരികയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

1980-കളുടെ അവസാനത്തിലും, 1990-കളിലും, പിന്നീട് 'ലയണ്‍' പോലെ 2000 കാലഘട്ടത്തിലുമെല്ലാം പുറത്തുവന്ന രാഷ്ട്രീയം പ്രമേയമായ സിനിമകളുമായി വളരെ സാദൃശ്യം തോന്നുന്ന കഥ തന്നെയാണ് പ്രതിഛായയുടേത്. എന്നാല്‍ അതിനെ കാലാനുസൃതമായ ചില സംഭവങ്ങളോടും സാഹചര്യങ്ങളോടും ചേര്‍ത്തുകെട്ടി അവതരിപ്പിക്കുന്നതാണ് സിനിമയെ കണ്ടിരിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. മറ്റൊന്ന് അഭിനേതാക്കളുടെ പ്രകടനവും, പശ്ചാത്തലസംഗീതവുമാണ്.

ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന, രാഷ്ട്രീയക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള  'കോര്‍പ്പറേറ്റ് പൊളിറ്റിക്‌സ്' എന്ന പ്രതിഭാസത്തെ സിനിമ കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. അതേസമയം കോര്‍പ്പറേറ്റുകളെ വിമര്‍ശിക്കുമ്പോഴും മുഖ്യമന്ത്രിയുടെ മകനായ ജോണ്‍, തന്റെ കോര്‍പ്പറേറ്റ് ബന്ധങ്ങളും പരിജ്ഞാനവും വച്ചാണ് എതിരാളികളോട് പ്രതികാരം ചെയ്യുന്നത് എന്ന കാര്യം ഒരു വിരോധാഭാസമാണ്. ചിത്രം അനാവരണം ചെയ്യുന്ന മറ്റൊരു കാര്യം ഇന്‍ഫര്‍മേഷന്‍ അഥവാ ഡാറ്റയ്ക്ക് ഇന്നത്തെ ലോകത്തുള്ള പ്രാധാന്യമാണ്. പണത്തിനും, സ്വര്‍ണ്ണത്തിനും, സൈനികശക്തിക്കുമെല്ലാം മുകളില്‍ ഒരു രാജ്യത്തിന്റെ ഗതിയെ പോലും നിര്‍ണ്ണയിക്കാന്‍ തക്കവണ്ണം ശക്തിയുള്ള ഒരു കാര്യമായി ഡാറ്റ മാറിയിരിക്കുന്നു എന്ന സത്യവും ചിത്രം പറഞ്ഞുവയ്ക്കുന്നു.

അഭിനേതാക്കളിലേയ്ക്ക് വന്നാല്‍ ബാലചന്ദ്രമേനോന്‍, നിഷാന്ത് സാഗര്‍ എന്നിവരുടെ പ്രകടനം കണ്ടിരിക്കാന്‍ അതീവ രസകരമായി തോന്നി. ഒരേസമയം ജനകീയനും, അതേസമയം തന്ത്രശാലിയുമായ കെ.എന്‍ വര്‍ഗീസായി ബാലചന്ദ്രമേനോന്‍ അതീവവിശ്വസനീയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വര്‍ഗീസിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ദുര്‍ബ്ബലനും, എടുത്തുചാട്ടക്കാരനും, രാഷ്ട്രീയമറിയാത്തവനുമായ മൂത്ത മകന്‍ ടോബിനായി നിഷാന്ത് സാഗര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശരീരഭാഷയിലും, സംഭാഷണശൈലിയിലുമെല്ലാം അദ്ദേഹം വളരെ വീക്ക് ആയ ടോബിന്‍ ആയി മാറിയിരിക്കുന്നു.

'സര്‍വ്വം മായ'യിലൂടെ കരിയര്‍ വീണ്ടും ട്രാക്കിലാക്കിയ നിവിന്‍ പോളിക്ക്, പിന്നാലെ എത്തിയ 'ബേബി ഗേള്‍' ഒരു തിരിച്ചടിയായിരുന്നെങ്കിലും പ്രതിഛായ ഒരു സൂപ്പര്‍താരത്തിലേയ്ക്കുള്ള വളര്‍ച്ചയുടെ പടവ് സൃഷ്ടിക്കുന്ന ചിത്രമാണ്. അത്തരമൊരു കഥാപാത്രനിര്‍മ്മിതിയാണ് വര്‍ഗീസിന്റെ ഇളയ മകനായ ജോണിന്റേത്. ചിലപ്പോഴെല്ലാം രോമാഞ്ചമുളവാക്കുന്ന പ്രകടനത്തോടുകൂടി ആ റോള്‍ അദ്ദേഹം മികച്ചതാക്കിയിട്ടുണ്ട്.

ഈയടുത്ത കാലത്തായി മികച്ച വേഷങ്ങളിലൂടെ സ്ഥിരം ശൈലിയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഹരിശ്രീ അശോകന്‍ ഈ ചിത്രത്തിലും മികവാര്‍ന്ന പ്രകടനം നടത്തുമ്പോള്‍ സായ് കുമാര്‍ പതിവുപോലെ തന്റെ റോള്‍ ഗംഭീരമാക്കിയിരിക്കുന്നു. സബിതാ ആനന്ദ്, നീതു കൃഷ്ണ, മണിയന്‍പിള്ള രാജു, ഷറഫുദ്ദീന്‍ എന്നിവരും നന്നായി. ഷറഫുദ്ദീന്‍ പതിവ് ശൈലി വിട്ട് അവതരിപ്പിച്ച കഥാപാത്രം വിശ്വസനീയമായിട്ടുണ്ട്.

നേരത്തെ പറഞ്ഞതുപോലെ ചിത്രത്തെ കണ്ടിരിക്കാന്‍ പാകത്തില്‍ എന്‍ഗേജിങ് ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്ന മറ്റൊരു കാര്യം പശ്ചാത്തല സംഗീതമാണ്. കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നീട്ടിയും, കുറുക്കിയും, ആവേശമുണര്‍ത്തിയുമെല്ലാം ഒപ്പം സഞ്ചരിക്കുന്ന സംഗീതമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസിന്റെ മികച്ച വര്‍ക്കുകളിലൊന്നാണ് പ്രതിഛായ. സിനിമയിലേയ്ക്ക് തന്നെ ആളുകളെ എന്‍ഗേജിങ് ആക്കിയിരുത്തുന്ന തരത്തില്‍ ഒരിടത്തും മുഴച്ചുനില്‍ക്കാത്ത തരത്തിലുള്ള ഛായാഗ്രഹണമൊരുക്കിയ ചന്ദ്രു സെല്‍വരാജും കയ്യടി അര്‍ഹിക്കുന്നുണ്ട്.

ചുരുക്കം: മലയാളത്തില്‍ ഈയിടെ കാര്യമായി സംഭവിക്കാത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഉള്ള സിനിമയാണ് 'പ്രതിഛായ.' ചില കോട്ടങ്ങള്‍ അവിടെയും ഇവിടെയുമായി ഉണ്ടെങ്കിലും, മടുപ്പിക്കാത്ത തിരക്കഥയും, അഭിനേതാക്കളുടെ പ്രകടനവും, പശ്ചാത്തലസംഗീതവും കാരണം നല്ല സിനിമാനുഭമായി മാറിയിട്ടുണ്ട് ഈ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം.