മികച്ച പ്രതികരണങ്ങളോടെ മുന്നേറി ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

 

 മലയാളത്തിൽ മികച്ച ജനപ്രീതി നേടി മുന്നേറുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’. വലിയ പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം, ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കുകയായിരുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കൊലപാതകവും തുടർന്നുണ്ടാകുന്ന സംഘർഷഭരിതവുമായ മുഹൂർത്തങ്ങളുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.

‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്ത ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ്. പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പിന്നണിയിൽ മികച്ചൊരു സാങ്കേതിക സംഘവും അണിനിരന്നിട്ടുണ്ട്. റോബി രാജിന്റെ ക്യാമറയും, മുജീബ് മജീദിന്റെ സംഗീതവും, ‘ലോക’ എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ നിർവഹിച്ച എഡിറ്റിങ്ങും ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ അനുഭവം കൂടുതൽ മിഴിവുറ്റതാക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് സിനിമാജീവിതത്തിൽ 20 വർഷം പിന്നിടുന്ന പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്നു എന്നതാണ്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാർവതിക്ക് പുറമെ പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഇതിൽ സിദ്ധാർത്ഥ് ഭരതനും മാത്യു തോമസും ചിത്രത്തിൽ പ്രധാന പൊലീസ് വേഷങ്ങളിൽ എത്തുന്നുണ്ട്. പുതിയൊരു നിർമാണ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സംരംഭമായി എത്തിയ ഈ ചിത്രം നിലവിൽ തിയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.