50 കോടി ക്ലബ്ബിൽ ഇടം നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’
പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ ഇടംനേടി. സംവിധായകൻ ഷഹദ് തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിൽ, പാർവതി തിരുവോത്ത് ആദ്യമായി ഒരു പോലീസ് വേഷത്തിൽ എത്തിയെന്ന പ്രത്യേകതയുമുണ്ട്.
സംവിധാനം, തിരക്കഥ, സംഗീതം, എഡിറ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം ഒത്തുവന്ന ഒരു മികച്ച ദൃശ്യാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിനായി വേടൻ പാടിയ തീം സോങ് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ഭാവന സ്റ്റുഡിയോസിനാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും, ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ലോക’ എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും, റോബി രാജ് ക്യാമറയും, മുജീബ് മജീദ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.